ഓട്ടവ: കയാക്ക് (തുഴവഞ്ചി) ഉപയോഗിച്ച് കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ഇറ്റാലിയൻ പൗരനെ യു.എസ്. അതിർത്തി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ജൂൺ 1-ന് മിഷിഗണിലെ പോർട്ട് ഹ്യൂറണിന് (Port Huron) സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി. കയാക്ക് ഉപയോഗിച്ച് വെള്ളത്തിലൂടെ അതിർത്തി കടക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
അന്വേഷണത്തിൽ ഇയാൾ മുമ്പ് അമേരിക്കയിൽ താമസിച്ചിരുന്നതായും, വീസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്ക് പിന്നീട് വീസ ലഭിക്കാതിരുന്നതായും അധികൃതർ അറിയിച്ചു.

ഫ്ലോറിഡയിൽ തട്ടിപ്പ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ടെന്നും രേഖകൾ സൂചിപ്പിക്കുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ചതിനും കുടിയേറ്റ നിയമലംഘനത്തിനുമാണ് നിലവിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിയമനടപടികൾ പൂർത്തിയായ ശേഷം ഇയാളെ അമേരിക്കയിൽ നിന്ന് നാടുകടത്തുമെന്ന് അതിർത്തി സുരക്ഷാ വിഭാഗം വ്യക്തമാക്കി. അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കുന്ന നടപടികളുടെ ഭാഗമായാണ് കേസ് പരിഗണിക്കുന്നത്.
