ഹാലിഫാക്സ്: കാനഡയിലെ ന്യൂ ഗ്ലാസ്ഗോ നഗരത്തിൽ ക്രോസ്‌വാക്കിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രക്ക് ഇടിച്ച് 71 വയസുകാരന് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.25 ഓടെയായിരുന്നു അപകടം.
പ്രോവോസ്റ്റ് സ്ട്രീറ്റും മക്ലീൻ സ്ട്രീറ്റും ചേരുന്ന ജംഗ്ഷനിൽ ക്രോസ്‌വാക്കിലൂടെ കടന്നുപോകുകയായിരുന്ന വയോധികനെ ഡോഡ്ജ് ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രോവോസ്റ്റ് സ്ട്രീറ്റിലൂടെ തെക്കോട്ട് സഞ്ചരിച്ചിരുന്ന ട്രക്ക് മക്ലീൻ സ്ട്രീറ്റിലേക്ക് ഇടത്തോട്ട് തിരിയുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 71കാരനെ അടിയന്തര മെഡിക്കൽ സേവന വിഭാഗമായ ഇഎച്ച്എസ് (EHS) ആശുപത്രിയിലേക്ക് മാറ്റി. പരുക്കുകൾ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് പരുക്കുകളില്ല. അതേസമയം കാൽനടയാത്രക്കാരന് വഴിമാറിക്കൊടുക്കാതിരുന്നത്, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചത്, രജിസ്റ്റർ ചെയ്യാത്ത വാഹനം ഉപയോഗിച്ചത്, മറ്റൊരു വാഹനത്തിനായി അനുവദിച്ച നമ്പർ പ്ലേറ്റുകൾ പ്രദർശിപ്പിച്ചത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഡ്രൈവർക്കെതിരെ കേസെടുത്തു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ന്യൂ ഗ്ലാസ്ഗോ പോലീസ് വ്യക്തമാക്കി
