സറേ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ എമർജൻസി റൂമിൽ മാസ്ക് വിരുദ്ധ പ്രതിഷേധത്തിന് ശ്രമിച്ച സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തതായി സറേ RCMP അറിയിച്ചു. അഞ്ച് പേരടങ്ങുന്ന സംഘമാണ് 96 അവന്യൂവിലെ കിംഗ് ജോർജ്ജ് ബൊളിവാർഡിലുള്ള സറേ മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രതിഷേധത്തിനെത്തിയത്.
സുരക്ഷാ ജീവനക്കാരുടെ മുന്നറിയിപ്പ് മറികടന്ന് ഹോസ്പിറ്റലിന്റെ എമർജൻസി റൂമിൽ പ്രവേശിച്ചതോടെയാണ് പോലീസുമായി ബന്ധപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. സംഘർഷത്തിനിടെ പ്രതിഷേധക്കാർ ഒരു സെക്യൂരിറ്റി ഗാർഡിനെ ആക്രമിച്ചതായും ഫ്രേസർ ഹെൽത്ത് വക്താവ് ഗുർലീൻ ധേസി പറഞ്ഞു.
സംഘർഷം രോഗീപരിചരണത്തെ ബാധിച്ചിട്ടില്ലെന്നും ആശുപത്രി പൂർണമായും പ്രവർത്തനക്ഷമമാണെന്നും ഗുർലീൻ ധേസി അറിയിച്ചു. ആശുപത്രികളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്നും പ്രത്യേകിച്ച് അത്യാഹിത വിഭാഗങ്ങളിൽ മാസ്ക് വളരെ പ്രധാനമാണെന്നും അവർ വ്യക്തമാക്കി. ആശുപത്രിയിൽ മാസ്ക് ധരിക്കാതിരിക്കാൻ മെഡിക്കൽ ഇളവ് ആവശ്യമാണെന്നും കൂടാതെ പ്രതിഷേധക്കാർക്ക് മാസ്കുകൾ ലഭ്യമാക്കിയിരുന്നതായും ഗുർലീൻ ധേസി പറഞ്ഞു.
