വിയന്ന: ചെർണോബിലെ ആണവോർജനിലയവുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി. കഴിഞ്ഞ ഒരാഴ്ചയായി ചെർണോബിലെ ആണവോർജ നിലയത്തിൽ നിന്നുള്ള വിവരങ്ങൾ ഒന്നും ഏജൻസിക്ക് ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റഫേൽ ഗ്രോസി അറിയിച്ചു. ഇപ്പോൾ പ്രവർത്തന ക്ഷമമല്ലെങ്കിലും കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ സുരക്ഷാ വിവരങ്ങൾ കിട്ടിയിരുന്നു. സുരക്ഷാ വിവരങ്ങൾ നിലച്ചോതോടെ കടുത്ത ആശങ്കയിലാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി.
ആണവ ദുരന്തത്തിന് ശേഷം 1986 മുതൽ അടച്ചിട്ടിരിക്കുകയാണ് ചെർണോബിലെ ആണവോർജ നിലയം. എങ്കിലും കൃത്യമായ സുരക്ഷാ വിവരങ്ങൾ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് ലഭിച്ചിരുന്നു. പ്രവർത്തനം ഇല്ലെങ്കിലും ആണവ വികിരണത്തിന്റെ തോത് അടക്കം നിർണായക വിവരങ്ങൾ വിലയിരുത്തേണ്ടതുണ്ട്.എന്നാൽ വിവരങ്ങൾ ലഭിക്കുന്നത് ഒരാഴ്ചയായി നിലച്ചതോടെ കടുത്ത ആശങ്കയുണ്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക്. പ്രവർത്തനം ഇല്ലെങ്കിലും 200 സുരക്ഷാ ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 2000 ആളുകളും ഇവിടങ്ങളിലായി ഉണ്ട്. ആണവ വികിരണത്തിന്റെ തോത് , ഇവരുടെ സുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ കടുത്ത ആശങ്കയാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി പങ്കുവച്ചിരിക്കുന്നത്.
റഷ്യ യുക്രെയ്നിലെ യുദ്ധം തുടങ്ങിയ ശേഷം റഷ്യൻ സൈന്യം ആണവ നിലയം പിടിച്ചെടുത്തിരുന്നു. റഷ്യൻ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാണ് ഇപ്പോൾ ചെർണോബിലെ ആണവോർജ നിലയം. വിവരം ലഭിക്കാത്തതിനെ കുറിച്ച് പ്രതികരിക്കാൻ പക്ഷേ റഷ്യ തയാറായിട്ടില്ല