അയോവ : ഹൈസ്‌കൂളിന് പുറത്ത് വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയും 15 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെടുകയും രണ്ട് കൗമാരക്കാരായ പെൺകുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ആറ് കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി പോലീസ് ചൊവ്വാഴ്ച പറഞ്ഞു.
കാപ്പിറ്റോളിൽ നിന്ന് അര മൈൽ (0.8 കിലോമീറ്റർ) അകലെയുള്ള ഡെസ് മോയിൻസ് ഡൌൺ ടൗണിനു അടുത്തുള്ള ഈസ്റ്റ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ വെടിവയ്പിൽ ഫസ്റ്റ് ഡിഗ്രി കൊലപാതകവും രണ്ട് കൊലപാതകശ്രമങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സ്‌കൂളിന് പുറത്ത് ഒന്നിലധികം വാഹനങ്ങളിൽ നിന്നാണ് വെടിവെപ്പ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
ഒക്ടേവിയോ ലോപ്പസ് (17), ഹെൻറി വല്ലദാരെസ്-അമയ (17), മാനുവൽ ബ്യൂസോ (16), റൊമേറോ പെർഡോമോ (16), അലക്സ് പെർഡോമോ (15), കൂടാതെ 14 വയസ്സുള്ള ന്യാങ് ചാംഡ്വാൾ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ഡെസ് മോയിൻസ് സ്വദേശികളാണ്.
ഡെസ് മോയിൻസിലെ ജോസ് ഡേവിഡ് ലോപ്പസ് എന്ന പതിനഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലെ വിദ്യാർത്ഥിയല്ലാത്ത ലോപ്പസാണ് ഡ്രൈവ്-ബൈ വെടിവയ്പ്പിന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ലോപ്പസിനൊപ്പം ഉണ്ടായിരുന്ന 16 ഉം 18 ഉം വയസുള്ള സ്കൂൾ വിദ്യാർത്ഥിനികൾക്കും വെടിയേറ്റു. ഇരുവരുടെയും നില ഗുരുതരമായി തുടരുന്നുവെന്നും പോലീസ് അറിയിച്ചു.