ന്യൂഡല്‍ഹി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ. ജി. പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജയിലില്‍ നിന്ന് മോചിതനാക്കണമെന്ന പേരറിവാളന്റെ ആവശ്യത്തില്‍ ഗവർണർ തീരുമാനമെടുത്തിട്ടില്ലാത്തതിനാൽ ജാമ്യം നൽകണമോയെന്ന് സുപ്രീം കോടതി ആലോചിച്ചിരുന്നു.
“പേരറിവാളന്‍ ഇതിനകം തന്നെ 30 വര്‍ഷത്തിലേറയായി ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കരുതുന്നു,” ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവില്‍ പറയുന്നു. സോളിസിറ്റര്‍ ജനറലിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് പേരറിവാളന് ജാമ്യം നല്‍കിയത്.
പേരറിവാളന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രം ഹര്‍ജിയെ എതിര്‍ത്തത്. ദയാഹര്‍ജി തീര്‍പ്പാക്കാനുള്ള കാലതാമസം ചൂണ്ടിക്കാട്ടി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിന്റെ ആനുകൂല്യം പേരറിവാളൻ നേരത്തെ തന്നെ നേടിയിരുന്നെന്നും ഇനിയും ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയില്ലെന്നും കേന്ദ്രം കോടതിയല്‍ പറഞ്ഞു.
കേസില്‍ 19-ാം വയസിലായിരുന്നു പേരറിവാളന്‍ അറസ്റ്റിലായത്. 1999 മേയ് മാസത്തില്‍ വധശിക്ഷയ്ക്ക് വിധിച്ചു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബിന് വേണ്ടി എട്ട് വോള്‍ട്ടിന്റെ ബാറ്ററി വാങ്ങിയത് പേരറിവാളന്‍ ആയിരുന്നെന്നായിരുന്നു കണ്ടെത്തല്‍. 2014 ലാണ് പെരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറച്ചത്. തൊട്ടുപിന്നാലെ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സർക്കാർ കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാൻ ഉത്തരവിട്ടിരുന്നു.
2015 ലാണ് പേരറിവാളന്‍ ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ അത് പരിഗണിക്കുകയുണ്ടായില്ല. എന്നാല്‍ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യോഗ്യനാണെന്ന് സുപ്രീം കോടതി 2018 ല്‍ ഉത്തരവിട്ടു. തുടർന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഏഴ് പ്രതികളേയും വിട്ടയക്കാന്‍ എഐഡിഎംകെ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.