വാഷിങ്ടൻ : യുദ്ധം രൂക്ഷമായ യുക്രെയ്നില്‍ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് അമേരിക്ക. യുഎസിലെ ബയോളജിക്കൽ വെപ്പൺ ലാബ്, യുക്രെയ്നിലെ കെമിക്കൽ വെപ്പൺ ഡവലപ്മെന്റ് ലാബ് എന്നിവയെപ്പറ്റിയുള്ള റഷ്യയുടെ അവകാശവാദങ്ങൾ യുക്തിസഹമല്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
തെറ്റായ അവകാശവാദങ്ങൾ റഷ്യ ഉന്നയിക്കുന്നതു വരാനിരിക്കുന്ന വലിയ ആക്രമണങ്ങൾക്കുള്ള മുൻകൂർ ന്യായങ്ങളാണ്. യുദ്ധം രൂക്ഷമാകുന്നതിലും പരമ്പരാഗതമല്ലാത്ത ആയുധങ്ങൾ റഷ്യ പ്രയോഗിക്കാനുള്ള സാധ്യതയും ഏവരെയും ആശങ്കപ്പെടുത്തുന്നതായും യുഎസ് അഭിപ്രായപ്പെട്ടു.
അതിനിടെ, റഷ്യ–യുക്രെയ്ന്‍ വിദേശകാര്യമന്ത്രിതല ചര്‍ച്ച ഇന്ന് തുര്‍ക്കിയില്‍ നടക്കും. യുദ്ധമാരംഭിച്ചശേഷം ഇരുരാജ്യങ്ങളുടെയും മന്ത്രിതല ചര്‍ച്ച ഇതാദ്യമാണ്. അതിനിടെ, യുക്രെയ്നിലെ സുമിയില്‍നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ സംഘം ഇന്ന് ഡല്‍ഹിയിലെത്തും. സംഘത്തില്‍ ഇരുനൂറോളം മലയാളികളാണ്. സുമിയിലേത് സങ്കീര്‍ണമായ രക്ഷാദൗത്യമെന്നാണു വിലയിരുത്തൽ.