ടൊറന്റോ: തങ്ങളുടെ പേരക്കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നോ പേരക്കുട്ടി കേസിൽ പെട്ടുവെന്നോ ഒക്കെ പറഞ്ഞു മുത്തശ്ശിമാരെ തെറ്റിദ്ധരിപ്പിച്ചു പണം തട്ടിയെടുത്ത ആളെ പോലീസ് അറസ്റ്റു ചെയ്തു. നിരവധി ആളുകളിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഏകദേശം 43000 ഡോളറോളം ഇങ്ങനെ തട്ടിയെടുത്തു എന്നാണ് കണക്ക്.
മുത്തശ്ശിമാരെ ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പിൽ, പേരക്കുട്ടിയുടെ മോചനത്തിന് പണം ആവശ്യപ്പെട്ട് പ്രതി ഒരു പോലീസ് ഉദ്യോഗസ്ഥനോ അഭിഭാഷകനോ ആയി അഭിനയിക്കുന്ന മറ്റൊരാൾക്ക് ഫോൺ കൈമാറും. പിന്നീട് ഇവർ പറയുന്ന സമയത്തു വീട്ടിലെത്തുന്ന ആളുകളുടെ അല്ലെങ്കിൽ കൊറിയർ ബോയ്സ്ന്റെ കയ്യിൽ തുക ഏൽപ്പിക്കാൻ പറയും. വിവരം പുറത്തു വിട്ടാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകും. പ്രായമുള്ള സ്ത്രീകളെ എളുപ്പത്തിൽ പറ്റിക്കാം എന്നത് കൊണ്ടാണ് പ്രതി ഇങ്ങനെ ഉള്ള ആളുകളെ തട്ടിപ്പിനായി തിരഞ്ഞെടുത്തത്.
പ്രതിയായ ക്യുബെക്കിലെ 24 കാരനായ നിക്കോളാസ് അന്റൊനോ പൗലോസിനെ മാർച്ച് 7 ന് അറസ്റ്റ് ചെയ്തതായി ടൊറന്റോ പോലീസ് അറിയിച്ചു. 5,000 ഡോളറിലധികം വഞ്ചിച്ചതിന് അഞ്ച് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മേയ് രണ്ടിന് കോടതിയിൽ ഹാജരാകാനാണ് നിശ്ചയിച്ചിരുന്നത്. ഇത്തരത്തിലുള്ള കോളുകളോ അഭ്യർത്ഥനകളോ ലഭിക്കുന്ന പക്ഷം പോലീസുമായി ബന്ധപ്പെടാൻ ടൊറന്റോ പോലീസ് അഭ്യർത്ഥിക്കുന്നു.