സൗദി: സൗദിയിൽ ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള വിദേശികളായ ഗാർഹിക തൊഴിലാളികൾക്ക് ലെവി ചുമത്താൻ തീരുമാനിച്ചതായി സൗദി മന്ത്രിസഭ യോഗം. രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഇപ്പോഴും ലെവി അടക്കണം.
സൗദി പൗരന്‍റെ കീഴിൽ നാലിൽ കൂടുതൽ താമസക്കാരായ വിദേശിയിൽ രണ്ടിൽ കൂടുതലും ഗാർഹിക തൊഴിലാളികളുണ്ടെങ്കിലാണ് ലെവി തീരുമാനം ബാധകമാവുക. സൗദി മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. റിപ്പോർട്ട് സൗദി മാനവവിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു.
ഗാർഹിക തൊഴിലാളികളുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ 9600 റിയാൽ (രണ്ടുലക്ഷത്തോളം രൂപ) ലെവി ഒരോ വർഷവും നൽകണം. ഗാർഹിക തൊഴിലാളികൾ രണ്ടിൽ കൂടുതലുള്ള വിദേശി തൊഴിലുടമക്കും നിയമം ബാധകമാണ്. ലെവി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് സമിതി സൗദി തയ്യാറാക്കിയിരുന്നു. ഇതിൽ ഇളവ് നൽകിയിരിക്കുന്നവർക്ക് ലെവി അടക്കേണ്ടതില്ല. വെെദ്യ പരിശോധന ആവശ്യമുള്ളവർ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം, ഇങ്ങനെ മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന ആളുകൾക്ക് ലെവി അടക്കേണ്ടതില്ല. പുതിയ നിയമം രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുകയെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
ആദ്യ ഘട്ടം മേയ് 22 മുതലും രണ്ടാംഘട്ടം 2023 മേയ് 13 മുതലും തുടങ്ങും. ആദ്യഘട്ടത്തിൽ പുതുതായി വരുന്ന ഗാർഹിക തൊഴിലാളികൾക്കാണ് ലെവി അടക്കേണ്ടത്. രണ്ടാംഘട്ടത്തിൽ രാജ്യത്ത് നിലവിലുള്ള തൊഴിലാളികൾക്കും ലെവി ബാധകമാക്കാൻ ആണ് തീരുമാനം.
നിലവിൽ സൗദിയിലെ സ്വകാര്യ മേഖല ജീവനക്കാർക്കും ആശ്രിതർക്കും ലെവി അടക്കണം. പ്രതിമാസം 800 റിയാലും (16,000 രൂപ) ആശ്രിതർക്ക് 400 റിയാലുമാണ് (8000 രൂപ) ലെവി. 2014 ൽ ആണ് സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി അടക്കണം എന്ന തീരുമാനം അധികൃതർ എടുത്തത്. പിന്നീട് 2017ൽ ആശ്രിതർക്കും ലെവി അടക്കണം എന്ന നിയമം നിലവിൽ വന്നു.