കീവ് : ഐസ്ഐസ് തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമമാണ് റഷ്യയുടെ നീക്കങ്ങളെന്നു സെലെന്‍സ്കി പറഞ്ഞു. മെലിറ്റോപോൾ നഗരത്തിലെ മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ആരോപിച്ചു. “ഭീകരതയുടെ അടുത്ത ഘട്ടത്തിലേക്ക് റഷ്യ കടന്നിരിക്കുന്നു. യുക്രൈനിലെ പ്രദേശിക അധികാരികളേയും സര്‍ക്കാര്‍ പ്രതിനിധികളേയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്,” സെലെന്‍സ്കി വ്യക്തമാക്കി.
അതേസമയം, റഷ്യ ആക്രമണം കൂടുതല്‍ വ്യാപിപ്പിക്കുന്നതായാണ് ലഭിക്കുന്ന വിവരം. പടിഞ്ഞാറന്‍ മേഖലയിലുള്ള വ്യോമതാവളങ്ങള്‍ക്കും കിഴക്കന്‍ പ്രദേശത്തെ ഒരു വ്യവസായകേന്ദ്രത്തിന് നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തിരിച്ചടികള്‍ക്ക് മറുപടിനല്‍കുകയാണ് റഷ്യ. വളരെ തിരക്കേറിയ നഗരങ്ങള്‍പോലും അവിഷ്ടങ്ങളാക്കി മാറ്റി.
റഷ്യ പുതിയ സൈനികരെ അയയ്ക്കുന്നത് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ നഷ്ടത്തിന് ശേഷമെന്ന് സെലെൻസ്‌കി
പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ നഷ്ടത്തിന് പിറകെ റഷ്യ പുതിയ സൈനികരെ യുക്രൈനിലേക്ക് അയയ്ക്കുന്നതായി യുക്രൈനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി. റഷ്യ വെടിനിർത്തൽ നടപ്പാക്കണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ സെലെൻസ്കി റഷ്യയോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ വഴി മരിയുപോളിൽ നിന്നുള്ള പലായനം വിജയകരമായി നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയ മെലിറ്റോപോൾ മേയറെ മോചിപ്പിക്കാൻ റഷ്യയെ സമ്മർദ്ദത്തിലാക്കാൻ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനോടും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണോടും താൻ അഭ്യർത്ഥിച്ചതായും സെലെൻസ്‌കി പറഞ്ഞു.
ആക്രമണം ശക്തമാക്കി റഷ്യ
യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. കീവ് മേഖലയിലെ വാസില്‍കിവിലെ എയര്‍ഫീല്‍ഡ് റോക്കറ്റുകള്‍ ഉപയോഗിച്ച തകര്‍ത്തു. മറ്റൊരു സംഭവത്തില്‍ മരിയോപോളില്‍ 80 സിവിലിയന്മാര്‍ താമസിക്കുന്ന മുസ്ലിം പള്ളിയില്‍ ഷെല്ലാക്രമണമുണ്ടായതായി വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്സും എഎഫ്‌പിയും റിപ്പോര്‍ട്ട് ചെയ്തു.
റഷ്യ ആക്രമണം ശക്തമാക്കുമെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ യുക്രൈനു മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഈ സംഭവങ്ങള്‍. ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ മിക്ക യുക്രൈനിയന്‍ നഗരങ്ങളിലും ഇന്നു രാവിലെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിരുന്നു. അതിനിടെ യുദ്ധം ‘തന്ത്രപ്രധാനമായ വഴിത്തിരിവില്‍’ എത്തിയതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
യുക്രൈനിലെ ബയോളജിക്കല്‍ ലബോറട്ടറികള്‍ സംബന്ധിച്ച് രക്ഷാ സമിതി യോഗത്തിന് റഷ്യ ആഹ്വാനം ചെയ്തിയിരിക്കുകയാണ്. എന്നാൽ ബയോളജിക്കല്‍ ആന്‍ഡ് ടോക്‌സിന്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ പ്രകാരമുള്ള ബാധ്യതകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള കൂടിയാലോചനയിലൂടെയും സഹകരണത്തിലൂടെയും പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഇതുവരെ കൊല്ലപ്പെട്ടത് 1300യുക്രൈനിയൻ സൈനികർ
ഇതുവരെ 1,300-ലധികം യുക്രൈനിയൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ശനിയാഴ്ച പറഞ്ഞു.
കീവ് മേഖലയിലെ ഒഴിപ്പിക്കൽ തുടരുന്നു
യുക്രൈനിലെ കീവ് മേഖലയിലെ പ്രധാന പട്ടണങ്ങളിൽ നിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കൽ ശനിയാഴ്ച തുടരുകയാണെന്ന് പ്രാദേശിക ഗവർണർ ഒലെക്സി കുലേബ. ഒഴിപ്പിക്കൽ ഞായറാഴ്ചയും തുടരാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും റീജിയണൽ ഗവർണർ ഒലെക്സി കുലേബ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
യുക്രൈനിലേക്കുള്ള സൈനിക ഉപകരണകയറ്റുമതിയെ ലക്ഷ്യം വയ്ക്കുമെന്ന് റഷ്യ
യുക്രൈനിലേക്ക് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സൈനിക ഉപകരണങ്ങൾ കയറ്റി അയക്കുന്നതിനെ എതിർക്കുമെന്ന് റഷ്യ. പാശ്ചാത്യ ആയുധങ്ങൾ ഉക്രെയ്‌നിലേക്ക് എത്തിക്കുന്നതിനെ ലക്ഷ്യം വയ്ക്കുമെന്ന് റഷ്യ യുക്രൈന് മോസ്കോ യുഎസിന് മുന്നറിയിപ്പ് നൽകുകയാണെന്ന് റഷ്യൻ ഉപ വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു.
റഷ്യക്കെതിരായ യുഎസ് ഉപരോധത്തെ “റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകൾക്ക് ഗുരുതരമായ പ്രഹരം ഏൽപ്പിക്കാനുള്ള അഭൂതപൂർവമായ ശ്രമം” എന്ന് അദ്ദേഹം അപലപിച്ചു. എന്നാൽ റഷ്യ തിരിച്ച് ഉപദ്രവിക്കാതിരിക്കാൻ അളന്ന രീതിയിൽ പ്രവർത്തിക്കുമെന്ന് അഭിപ്രായപ്പെട്ടു. പാശ്ചാത്യരാജ്യങ്ങളുമായുള്ള വർദ്ധിച്ചുവരുന്ന ഭിന്നതകൾക്കിടയിൽ പാശ്ചാത്യ മാധ്യമങ്ങളെയും വ്യവസായങ്ങളെയും പുറത്താക്കാൻ റഷ്യയ്ക്ക് ഉദ്ദേശ്യമില്ലെന്ന് റിയാബ്‌കോവ് പറഞ്ഞു. “ഞങ്ങൾ സാഹചര്യം വഷളാക്കാൻ പോകുന്നില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യക്കെതിരായ പോരാട്ടത്തില്‍ യുക്രൈന്‍ സുപ്രധാന ഘട്ടത്തിലെന്ന് സെലന്‍സ്കി
റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രൈന്‍ സുപ്രധാന വഴിത്തിരിവിലാണെന്ന് പ്രസിഡന്റ് വോളോഡിമില്‍ സെലെന്‍സ്കി. റഷ്യന്‍ ആക്രമണം നഗരങ്ങളില്‍ ശക്തമാവുകയും കീവിനടുത്തേക്ക് കൂടുതല്‍ സൈന്യവും എത്തുന്ന പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. കീവില്‍ റഷ്യന്‍ സൈന്യം പീരങ്കികള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും സെലെന്‍സ്കി പുറത്തു വിട്ടു.
റഷ്യന്‍ ആക്രമണത്തില്‍ ഒരു മാനസികാരോഗ്യ കേന്ദ്ര തകര്‍ന്നതായും അമ്പതോളം സ്കൂളുകള്‍ നശിപ്പിക്കപ്പെട്ടതായും ഹാര്‍കീവ് ഗവര്‍ണര്‍ അറിയിച്ചു. യുദ്ധം നടക്കുന്ന വടക്ക്, കിഴക്ക്, തെക്ക് മേഖലകള്‍ കൂടാതെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും റഷ്യ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
തെക്കന്‍ നഗരമായ മരിയുപോളില്‍ റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ 1,582 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിറ്റി കൗണ്‍സില്‍ അറിയിച്ചു. അധിനിവേശം മൂന്നാം വാരത്തിലേക്ക് കടന്നതോടെ ലക്ഷക്കണക്കിന് പേര് വെള്ളം, ഭക്ഷണം എന്നിവ ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ബ്ലാക്ക് സി പോര്‍ട്ട് പൂര്‍ണമായും വളഞ്ഞിരിക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. സാധരണക്കാരെ പുറത്തിറങ്ങാനും മാനുഷിക ഇടനാഴി വഴി രക്ഷപ്പെടാനും റഷ്യ അനുവദിക്കുന്നില്ലെന്ന് യുക്രൈന്‍ ആരോപിച്ചു. മരിയുപോളില്‍ കുടിങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം പരാജയപ്പെട്ടിരുന്നു.
പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെ കൂടുതല്‍ സാമ്പത്തിക നടപടികളിലേക്ക്
അതേസമയം, വ്ളോഡിമിര്‍ പുടിന്റെ ആക്രമണം തടയുന്നതിനായി പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ സാമ്പത്തിക നടപടികളിലേക്ക് കടന്നു. വ്യവസായങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമെന്ന റഷ്യയുടെ പദവി ജി 7 രാജ്യങ്ങള്‍ റദ്ദാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. റഷ്യന്‍ ഡയമന്‍ഡ്, മദ്യം, സീ ഫൂഡ് തുടങ്ങിയവക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി.
റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളിലേക്ക് കടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തീരുമാനിച്ചു. യുക്രൈന് ആയുധങ്ങള്‍ക്കായി കൂടുതല്‍ ധനസഹായവും നല്‍കിയേക്കും. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള യുക്രൈന്റെ അപേക്ഷ നിരസിച്ചു. ഫ്രാന്‍സില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനങ്ങളെടുത്തത്.
ഉപരോധം തുടർന്നാൽ ബഹിരാകാശ നിലയം തകരുമെന്ന് റഷ്യ
തങ്ങൾക്കെതിരായ ഉപരോധം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പുമായി റഷ്യ. യുക്രൈനെ ആക്രമിച്ചതിന് റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം തുടരുകയാണ്. ഉപരോധം തുടർന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം തകരാൻ ഇടയാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
കാൻസർ ആശുപത്രിക്ക് റഷ്യൻ ആക്രമണത്തിൽ കേടപാടുകൾ സംഭവിച്ചതായി യുക്രൈൻ
കനത്ത പീരങ്കികളിൽ നിന്നുള്ള ഷെല്ലാക്രമണത്തിൽ തെക്കൻ നഗരമായ മൈക്കോളൈവിലെ ഒരു കാൻസർ ആശുപത്രിക്കും നിരവധി കെട്ടിടങ്ങൾക്കും റഷ്യ കേടുപാടുകൾ വരുത്തിയതായി യുക്രൈനിയൻ ഉദ്യോഗസ്ഥർ ആരോപിച്ചു.
ആക്രമണസമയത്ത് നൂറുകണക്കിന് രോഗികൾ ആശുപത്രിയിലുണ്ടായിരുന്നെങ്കിലും ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ആശുപത്രിയിലെ പ്രധാന ഡോക്ടർ മാക്‌സിം ബെസ്‌നോസെങ്കോ പറഞ്ഞു. ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ജനാലകൾ പൊട്ടിത്തെറിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.