പാരീസ്: ചാമ്പ്യൻസ് ലീഗില്‍ നിന്ന് തോറ്റ് പുറത്തായതിന്റെ പ്രതിഷേധവുമായി പിഎസ്ജി ആരാധകര്‍. സ്വന്തം തട്ടകത്തിലെത്തിയ സൂപ്പര്‍ താരങ്ങളായ മെസിക്കും നെയ്മറിനും നേരെയാണ് കാണികളുടെ കൂവല്‍. ബോര്‍ഡെക്‌സിനെതിരായ മത്സരത്തിലാണ് മെസിക്കും സഹതാരം നെയ്മറേയും ആരാധകര്‍ കൂവി പ്രതിഷേധിച്ചത്.
ഇരുവരും പന്ത് തൊടുമ്പോഴെല്ലാം പിഎസ്ജി ആരാധകര്‍ പ്രതിഷേധസ്വരവുമായി രംഗത്തെത്തി. ചാമ്പ്യൻസ് ലീഗില്‍ സ്പാനിഷ് ലീഗ് വമ്പൻമാരായ റയല്‍ മാഡ്രിഡിനോട് 3-2ന്റെ തോല്‍വിയേറ്റുവാങ്ങിയാണ് പിഎസ്ജി പുറത്തായത്. മെസിക്കും നെയ്മറിനും മത്സരത്തില്‍ ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
അതേസമയം, താരങ്ങള്‍ക്ക് പിന്തുണയുമായി ഉറ്റസുഹൃത്തും അത്‌ലറ്റികോ മാഡ്രിഡ് താരവുമായ ലൂയിസ് സുവാരസ് രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുവാരസ് പിന്തുണ അറിയിച്ചത്. എല്ലായ്‌പ്പോഴും ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് സുവാരസ് ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി. കൂടെ ഇരുവര്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
ഫ്രഞ്ച് ലീഗില്‍ പിഎസ്ജി എതിരില്ലാത്ത മൂന്ന് ഗോളിന് ബോര്‍ഡെക്‌സിനെ പരാജയപ്പെടുത്തി. മെസിക്കും ഇന്നും ഗോള്‍ നേടാന്‍ സാധിച്ചില്ല. കിലിയന്‍ എംബാപ്പെ(24), നെയ്മര്‍(52), ലിയാന്‍ഡ്രോ പരഡേസ്(61) എന്നിവരാണ് പിഎസ്ജിയുടെ ഗോള്‍ നേടിയത്. ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി. 28 മത്സരങ്ങളില്‍ 65 പോയിന്റാണ് ടീമിനുള്ളത്.