ആൽബർട്ട : കൺസർവേറ്റീവ് ലീഡർഷിപ്പ് സ്ഥാനാർത്ഥിയും മുൻ ക്യുബക് പ്രീമിയറുമായ ജീൻ ചാരെസ്റ്റ് കോവിഡ്-19 പോസിറ്റീവ് ആയി. ഭാര്യ മിഷേലിന്റെ പരിശോധനാഫലം നെഗറ്റീവായതായും അദ്ദേഹം പറഞ്ഞു.
അടുത്ത കുറച്ച് ദിവസത്തേക്ക് താൻ വീട്ടിൽ നിന്ന് പ്രചാരണം നടത്തുമെന്ന് ചാരെസ്റ്റ് ട്വിറ്ററിൽ അറിയിച്ചു. പരിശോധന നെഗറ്റീവ് ആകുന്നത് വരെ പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വീട്ടിൽ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
അതീവ ജാഗ്രതയോടെ, തന്നോട് അടുത്തിടപഴകിയിരുന്നവരും സുഖമില്ലാത്തവരുമായ ഏതൊരാളും പ്രാദേശിക പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ ആവശ്യപ്പെട്ടു.
ചാരെസ്റ്റ് കഴിഞ്ഞ വ്യാഴാഴ്ച കാൽഗറിയിൽ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു പ്രചരണം ആരംഭിച്ചിരുന്നു.
മാർച്ച് 1 ന് ആൽബർട്ടയിൽ മാസ്ക് മാർഗ്ഗനിർദ്ദേശങ്ങൾ എടുത്തുകളഞ്ഞു. ആൽബർട്ടയിലെ എല്ലാ വലിയ വേദികളിലെയും വിനോദ വേദികളിലെയും ശേഷി പരിധികൾ, അതുപോലെ തന്നെ ഇൻഡോർ, ഔട്ട്ഡോർ സോഷ്യൽ മീറ്റിംഗുകളുടെ വലുപ്പത്തിലുള്ള പരിധി എന്നിവയും മാർച്ച് ആദ്യം അവസാനിച്ചു.
കാൽഗറിയിൽ നടന്ന പ്രചാരണ പരിപാടിയിൽ 100ൽ കൂടുതൽ അനുയായികൾ പ്രചരണത്തിന് ഉണ്ടായിരുന്നു. പങ്കെടുത്തവരിൽ ഭൂരിഭാഗവും മാസ്‌ക് ധരിച്ചിരുന്നില്ല.