കീവ് : റഷ്യ പിടിച്ചെടുത്ത തെക്കൻ യുക്രൈനിലെ കെർസണിൽ കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു. റഷ്യൻ അധിനിവേശം ആരംഭിച്ച ശേഷം റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെ നടത്തുന്ന ആദ്യ ഒഴിപ്പിക്കലാണിത്.
മോസ്കോയിലെ ഇന്ത്യൻ എംബസിയാണ് ഒരു വിദ്യാർത്ഥിയെയും രണ്ട് ബിസിനസുകാരെയും യുക്രൈനിൽ നിന്ന് ക്രിമിയയിലെ സിംഫെറോപോളിൽ വഴി മോസ്കോയിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
“ഞങ്ങൾ അവർക്ക് സിംഫെറോപോളിലേക്കുള്ള ബസിൽ കയറാൻ സൗകര്യമൊരുക്കി, തുടർന്ന് ട്രെയിനിൽ മോസ്കോയിലേക്ക് വരാൻ സഹായിച്ചു, അതിനുശേഷം അവർ ചൊവ്വാഴ്ച വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങി. ഒരാൾ ചെന്നൈ സ്വദേശിയായ വിദ്യാർത്ഥിയും. രണ്ടുപേർ അഹമ്മദാബാദിലെ വ്യവസായികളുമായിരുന്നു,” ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതാദ്യമായാണ് യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യം സഹായം നൽകുന്നത്. ഇതുവരെ 22,000-ലധികം ഇന്ത്യക്കാർ, അവരിൽ 17,000-ത്തിലധികം പേർ ഇന്ത്യ ക്രമീകരിച്ച പ്രത്യേക വിമാനങ്ങളിൽ ഇന്ത്യയിലെത്തി. റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതാണ് ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചത്.
എന്നാൽ അവരെല്ലാം യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങളായ പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലോവാക് റിപ്പബ്ലിക് വഴിയാണ് ഇന്ത്യയിലേക്ക് എത്തിയത്. ആദ്യമായാണ് കിഴക്കൻ അതിർത്തിയിലൂടെയും റഷ്യയിലൂടെയും ഇന്ത്യക്കാർ നാട്ടിലേക്ക് തിരിക്കുന്നത്.
മാർച്ച് മൂന്നിന് കാഴ്സൻ നഗരം പൂർണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.