കൊച്ചി : സിനിമാ മേഖലയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി. ചലച്ചിത്ര സംഘടനകളിലും ചിത്രീകരണ ലൊക്കേഷനുകളിലും പരാതി പരിഹാര സംവിധാനം വേണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പരാതി കേൾക്കുന്നതിനു സമിതി രുപീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. കോടതി ഉത്തരവിനെ ഡബ്ല്യുസിസി സ്വാഗതം ചെയ്തു.
പത്തുപേരിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നു കോടതി ഉത്തരവിട്ടു. രാഷ്ട്രീയ പാർട്ടികളിലും സമാന സംവിധാനം വേണമെന്ന ആവശ്യം കോടതി നിരസിച്ചു. തൊഴിലാളി- തൊഴിലുടമ ബന്ധം ഇല്ലാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ പാർട്ടികളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന ആവശ്യം കോടതി തള്ളിയത്.
സമിതി രൂപീകരിക്കാൻ തയാറാണെന്ന് സംഘടനകളായ എഎംഎംഎ (അമ്മ)യും ഫെഫ്കയും കോടതിയെ അറിയിച്ചിരുന്നു. ചലച്ചിത്രമേഖലയിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടന്ന് വനിതാ കമ്മിഷനും അറിയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്നാണ് സമിതി രൂപീകരിക്കണമെന്ന ആവശ്യമുമായി ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് നടപ്പാക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ നിരസിച്ചിരുന്നു. കോടതിക്കു സർക്കാരിനോട് നിർദേശിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സർക്കാരിൻ്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി.
സിനിമാ മേഖലയിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി നിയമനിര്‍മാണം നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചലച്ചിത്രമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ, അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചചെയ്ത ശേഷമായിരിക്കും നിയമനിര്‍മണത്തിലേക്കു കടക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.