റിയാദ് : എട്ടു വർഷം നീണ്ട യമൻ യുദ്ധം അവസാനിപ്പിക്കാൻ ഹൂതികളുമായി ചർച്ചയ്ക്കൊരുങ്ങി ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മ (ജിസിസി). 29ന് റിയാദിൽ വെച്ച് ഹൂതി വിമതരുമായി ചർച്ച നടത്താൻ സന്നദ്ധമാണെന്ന് ജിസിസി നേതൃത്വം അറിയിച്ചു.
അടിയിന്തര വെടിനിർത്തൽ ഉൾപ്പെടെയുളള കാര്യങ്ങൾ ചർച്ചയിൽ പരിഗണിക്കുമെന്നാണ് വിവരം. ചർച്ച വിജയകരമാണെങ്കിൽ എട്ടു വർഷം നീണ്ട യുദ്ധത്തിനായിരിക്കും അവസാനമാവുക. യമൻ യുദ്ധം അവസാനിപ്പിക്കുന്നതിനുളള യുഎൻ ശ്രമത്തിന് കരുത്ത പകരുന്നതാണ് ജിസിസിയുടെ പുതിയ നീക്കം. ഇറാൻ അനുകൂല ഹൂതി വിഭാഗവും സൗദി പിന്തുണയുള്ള യമൻ വിഭാഗവും തമ്മിൽ സമാധാന ചർച്ച നടന്നാൽ യുദ്ധത്തിന് വിരാമമാകും. മാർച്ച് 29 മുതൽ ഏപ്രിൽ ഏഴു വരെ ചർച്ച നടത്താനാണ് ജിസിസിയുടെ ലക്ഷ്യം.
ചർച്ചക്ക് തയ്യാറാണെങ്കിൽ ഹൂതി വിമതരെ അതിഥികളായി പരിഗണിക്കുമെന്നും ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും ജിസിസി നേതൃത്വം വ്യക്തമാക്കി. സൗദിക്ക് പുറത്ത് മറ്റേതെങ്കിലും രാജ്യത്ത് സമാധാന ചർച്ച വേണമെന്നാണ് ഹൂതികളുടെ ആവിശ്യം. 2014ൽ അബ്ദു റബ്ബ് മൻസൂർ ഹാദിയെ അട്ടിമറിച്ചാണ് ഹൂതി വിമതർ യമൻ തലസ്ഥാനമായ സന പിടിച്ചെടുത്തത്. ഇതേ തുടർന്നാണ് സൗദി സേനയും ഹൂതി വിമതരും തമ്മിൽ യുദ്ധം ആരംഭിച്ചത്.