ഒന്റാറിയോ ; ടൊറന്റോയുടെ പ്രാന്തപ്രദേശത്ത് പ്രഭാത പ്രാർത്ഥനയ്ക്കായി പള്ളിയിൽ പ്രവേശിച്ച് വിശ്വാസികൾക്കെതിരെ അപകടകരമായ സ്പ്രേ ഉപയോഗിച്ചു ആളുകളെ ആക്രമിച്ചുവെന്നാരോപിച്ച് 24 കാരനായ ഒരാളെ വിശ്വാസികൾ കൈകാര്യം ചെയ്യുകയും കീഴ്പ്പെടുത്തുകയും ചെയ്തുവെന്ന് ലോക്കൽ പോലീസ് അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ ദാർ അൽ-തൗഹീദ് ഇസ്‌ലാമിക് സെന്ററിലായിരുന്നു സംഭവം അരങ്ങേറിയത്. അപകടകരമായ ആവശ്യത്തിനായി ആയുധം കൈവശം വയ്ക്കൽ, മരണഭീഷണി മുഴക്കൽ ദേഹോപദ്രവം ഏൽപ്പിക്കുക, ഭീഷണിപ്പെടുത്തുക, എന്നിവയാണ് ചുമത്തിയ കുറ്റങ്ങൾ. ജാമ്യാപേക്ഷ പരിഗണിച്ച് അദ്ദേഹത്തെ ബ്രാംപ്ടണിലെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് പറഞ്ഞു.
മസ്ജിദിനെ പ്രതിനിധീകരിച്ച് സംസാരിച്ച കനേഡിയൻ മുസ്ലീങ്ങളുടെ നാഷണൽ കൗൺസിലിലെ നാദിയ ഹസൻ പറഞ്ഞു, 20 ഓളം പേർ പ്രാർത്ഥിക്കുമ്പോൾ ഒരാൾ അവരെ സ്പ്രേ ചെയ്ത് ആക്രമിക്കുകയായിരുന്നു.”ചില പുരുഷന്മാർ തിരിഞ്ഞു നോക്കി, അവരെ ആക്രമിക്കാൻ അവനെ അനുവദിക്കില്ലെന്ന് അവർ വളരെ ധൈര്യത്തോടെ തീരുമാനിച്ചു,” ഈ ശക്തമായ ചെറുത്തുനിൽപ്പാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത് നാദിയ ഹസൻ വ്യക്തമാക്കി.
സ്‌പ്രേയുടെ ഫലമായി പള്ളിയിലുണ്ടായിരുന്ന ചിലർക്ക് നിസ്സാര പരിക്കേറ്റതായി പോലീസ് പറഞ്ഞു. ആക്രമണത്തെ അവിശ്വസനീയമാംവിധം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്വിറ്ററിൽ കുറിച്ചു.”ഈ അക്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു കാനഡയിൽ ഇതിന് സ്ഥാനമില്ല – അദ്ദേഹം പറഞ്ഞു. “ഇന്ന് രാവിലെ അവിടെയുണ്ടായിരുന്നവരുടെ ധൈര്യത്തെ അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു.”