ഇസ്ലാമബാദ്: പാകിസ്ഥാനിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാർലമെന്റിൽ പാസാകാൻ സാദ്ധ്യത തെളിഞ്ഞതോടെ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് സ്ഥാനമൊഴിയാൻ സൈന്യം ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയും പാക് ചാരസംഘടനയായ ഐ.എസ് ഐയുടെ ഡയറക്ടർ ജനറൽ ലഫ്റ്റ. ജനറൽ നദീം അൻജും ഉൾപ്പെടെ നാല് സീനിയർ ജനറൽമാർ രാജി ആവശ്യപ്പെട്ടെന്നാണ് സൂചന. നാളെയും മറ്റന്നാളും ഇവിടെ നടക്കുന്ന ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ സംഘടനയായ ഒ. ഐ. സിയുടെ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടി കഴിഞ്ഞാലുടൻ രാജിവയ്‌ക്കാനാണത്രേ നിർദ്ദേശം.
മുൻകരസേനാ മേധാവി ജനറൽ റഹീൽ ഷെരീഫ് ഇമ്രാനുവേണ്ടി സൈന്യവുമായി കൂടിയാലോചന നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാഷ്‌ട്രീയ അനിശ്ചിതത്വത്തിൽ പട്ടാളത്തിന് അതൃപ്തിയുണ്ട്. യുക്രെയിൻ വിഷയത്തിൽ അമേരിക്കയ്‌ക്കും യൂറോപ്യൻ യൂണിയനും എതിരെ ഇമ്രാൻ നടത്തിയ പരാമർശങ്ങളും പട്ടാളത്തെ ചൊടിപ്പിച്ചിരുന്നു. ഇമ്രാനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ ഈ മാസം 25ന് വെള്ളിയാഴ്ച രാവിലെ 11ന് ദേശീയ അസംബ്ലി (പാർലമെന്റ് ) സമ്മേളിക്കും. സ്‌പീക്കർ അസദ് ഖൈസറാണ് സമ്മേളനം വിളിച്ചത്. ഒ.ഐ.സി ഉച്ചകോടി 22, 23 തീയതികളിൽ പാർലമെന്റ് ഹൗസിലാണ് നടക്കുന്നത്. അതിനാലാണ് അവിശ്വാസ ചർച്ച 25ന് നിശ്ചയിച്ചത്.
സഭ അവിശ്വാസം പരിഗണനയ്‌ക്ക് എടുത്താൽ മൂന്ന് മുതൽ ഏഴ് ദിവസങ്ങൾക്കകം വോട്ടെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതനുസരിച്ച് വോട്ടെടുപ്പിന് ഈ മാസം 31വരെ സമയമുണ്ട്.
അതേസമയം, വിമതരായ 24 എം. പിമാരെ കൂറുമാറ്റക്കാരായി പ്രഖ്യാപിച്ച് അയോഗ്യത കൽപ്പിക്കാതിരിക്കാൻ പി. ടി. ഐ അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. 26ന് മുമ്പ് വിശദീകരണം നൽകണം.