ലണ്ടന്‍ : റഷ്യ യുക്രൈനില്‍ ഭരണകൂട ഭീകരത നടത്തുകയാണെന്നും മറ്റു രാജ്യങ്ങളെയും ആക്രമിക്കുമെന്നും യുക്രൈന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ്. റഷ്യ യുക്രൈനില്‍ 150 കുട്ടികളെ കൊലപ്പെടുത്തിയതായും നാനൂറിലധികം സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും നൂറ്റിപ്പത്തിലധികം ആശുപത്രികളും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെന്‍ വാലസിനൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഇതൊരു ഭരണകൂട ഭീകരതയാണ്. അതിനാലാണു റഷ്യയെ തടയേണ്ടത്. കാരണം റഷ്യ കൂടുതല്‍ മുന്നോട്ടുപോകും. മറ്റു രാജ്യങ്ങളെ ആക്രമിക്കും,” റെസ്‌നിക്കോവ് പറഞ്ഞു. എന്നാല്‍ തന്റെ വാദത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും അദ്ദേഹം നൽകിയില്ല. അതേസമയം, സിവിലിയന്മാരെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്ന ആരോപണം റഷ്യ നിഷേധിച്ചിരുന്നു.