ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഖത്തര്‍. ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് ബുധനാഴ്ച (മാര്‍ച്ച് 23) മുതല്‍ അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം ലഭ്യമാക്കുന്ന രീതിയിലാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. ഈ മാസം 29ന് ഉച്ചവരെ അപേക്ഷകള്‍ സ്വീകരിക്കും.
ലോകകപ്പ് വോളന്റിയറാകാനും അപേക്ഷ ക്ഷണിച്ചു. https://volunteer.fifa.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. സ്‌റ്റേഡിയങ്ങള്‍, പരിശീലന വേദികള്‍, ഫാന്‍ സോണ്‍, ഹോട്ടല്‍, വിമാനത്താവളം, പൊതുഗതാഗത മേഖലകള്‍ തുടങ്ങി 45 സ്ഥലങ്ങളിലാണ് വോളന്റിയര്‍മാരെ നിയോഗിക്കുന്നത്. 20,000 വോളന്റിയര്‍മാര്‍ക്കാണ് അവസരം.
അറബി, ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ കഴിയുന്നവര്‍ക്കാണ് നിയമനം. ഇവര്‍ക്ക് ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് 18 വയസ് തികയണം. വോളന്റിയറാകാന്‍ അപേക്ഷിക്കാന്‍ മുന്‍പരിചയം ആവശ്യമില്ലെന്നും ഫിഫ അറിയിച്ചു. ഖത്തറിലെ എട്ട് വേദികളിലായി ഈ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍.