പിഎസ്‌ജി സൂപ്പർതാരമായ നെയ്‌മർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ട് ജേർണലിസ്റ്റായ ഡാനിയൽ റിക്കോ. നെയ്‌മർ കൃത്യമായി സഹതാരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നില്ലെന്നും പല ദിവസവും മദ്യപിച്ചാണ് പരിശീലനത്തിന് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
“നെയ്‌മർ പരിശീലനം നടത്തുന്നത് വളരെ കുറവാണ്. ഒട്ടും സന്തോഷവാനല്ലാതെ, പലപ്പോഴും മദ്യപിച്ചാണ് താരം പരിശീലനത്തിനായി എത്തുന്നത്. പിഎസ്‌ജിയോട് പ്രതികാരം ചെയ്യുന്ന മനോഭാവത്തിലാണ് താരമുള്ളത്.” ആർഎംസി സ്പോർട്ടിനോടു സംസാരിക്കുമ്പോൾ റിയോള പറഞ്ഞു.
പിഎസ്‌ജി ആരാധകർ നെയ്‌മറുടെ നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിക്ക് യാതൊരു വിലയും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താരം പിഎസ്‌ജിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടനെ തന്നെ നെയ്‌മറെ ക്ലബിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ കൂടുതൽ കേടുപാടുകൾ വരുത്തുമെന്നും റിയോള മുന്നറിയിപ്പു നൽകി.
ചാമ്പ്യൻസ് ലീഗിൽ നിന്നുമുള്ള പുറത്താവൽ പിഎസ്‌ജിയിൽ യാതൊരു ചലനവും സൃഷ്‌ടിച്ചിട്ടില്ലെന്നും റിയോള പറഞ്ഞു. “പിഎസ്‌ജി ഒരു ക്ലബ് പോലുമല്ല, പൊതുവായ ചിന്തകളൊന്നും തന്നെ അവിടെയില്ല. പരിശീലകൻ അവിടെയില്ല, പ്രസിഡന്റ് ഇതുവരെ ഒരു വാക്കു പോലും പറഞ്ഞിട്ടുമില്ല.”
“ഇതുപോലെയൊരു ദുരന്തം ഉണ്ടായാൽ അഴിഞ്ഞു കിടക്കുന്ന ബോൾട്ടുകൾ മുറുക്കേണ്ടതുണ്ട്. എന്നാൽ അതൊന്നും ഉണ്ടായില്ല. സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോയോ പ്രസിഡന്റ് നാസർ അൽ ഖലൈഫിയോ അതു ചെയ്‌തില്ല. ഒരു സമ്പൂർണ പരാജയമായി മാറി.” അദ്ദേഹം വ്യക്തമാക്കി.