മോസ്കോ : ഉക്രേനിയൻ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ധനസമാഹരണത്തിനായി തന്റെ നൊബേൽ മെഡൽ ലേലത്തിന് നൽകുമെന്ന് കഴിഞ്ഞ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്റെ സഹജേതാവായ റഷ്യൻ പത്രപ്രവർത്തകൻ ദിമിത്രി മുറാറ്റോവ്.
മാധ്യമപ്രവർത്തകർക്കും പൗരന്മാർക്കും എതിരെ ക്രിമിനൽ പ്രോസിക്യൂഷൻ ഭീഷണിക്ക് മറുപടിയായി, സെൻസർഷിപ്പ് കാരണം ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യുമെന്ന് മുറാറ്റോവ് ചീഫ് എഡിറ്റർ ആയ നോവയ ഗസറ്റ പത്രം മാർച്ച് ആദ്യം പറഞ്ഞിരുന്നു.
“നോവയ ഗസറ്റയും ഞാനും 2021 ലെ സമാധാനത്തിനുള്ള നൊബേൽ മെഡൽ ഉക്രേനിയൻ അഭയാർത്ഥി ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചു,” മുറാറ്റോവിന്റെ പേരിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു. “ഇതിനകം 10 ദശലക്ഷത്തിലധികം അഭയാർത്ഥികളുണ്ട്. ലോകപ്രശസ്തമായ ഈ അവാർഡ് ലേലത്തിൽ വയ്ക്കാൻ ലേല സ്ഥാപനങ്ങളോട് ഞാൻ ആവശ്യപ്പെടുന്നു.”
“യുദ്ധം നിർത്തുക, തടവുകാരെ കൈമാറുക, മരിച്ചവരുടെ മൃതദേഹങ്ങൾ മോചിപ്പിക്കുക, മാനുഷിക ഇടനാഴികളും സഹായവും നൽകുക, അഭയാർഥികളെ പിന്തുണയ്ക്കുക,” എന്നീ അഞ്ച് കാര്യങ്ങൾ ഉടൻ ചെയ്യേണ്ടതുണ്ടെന്ന് ക്രെംലിനിനെ വിമർശിക്കുന്ന പത്രമായ മുറാറ്റോവും നോവയ ഗസറ്റയും പറഞ്ഞു
വാർത്താ സൈറ്റായ റാപ്ലറിന്റെ സഹസ്ഥാപകയായ ഫിലിപ്പീൻസിൽ നിന്നുള്ള മരിയ റെസ്സയ്‌ക്കൊപ്പം സംയുക്തമായി അവാർഡ് നേടിയ മുറാറ്റോവ്, കഴിഞ്ഞ വർഷത്തെ തന്റെ നൊബേൽ സമ്മാനം അവരുടെ പ്രവർത്തനത്തിന്റെ പേരിൽ കൊല ചെയ്യപ്പെട്ട പത്രത്തിലെ ആറ് മാധ്യമപ്രവർത്തകർക്ക് സമർപ്പിച്ചു.