ഔദ്യോഗികമായി അംഗീകരിച്ച കോവിഡ് വാക്‌സീനുകളുടെ പട്ടിക ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ലോകാരോഗ്യ സംഘടനയും ഒമാനും അംഗീകരിച്ച വാക്‌സീനുകള്‍ പട്ടികയിലുണ്ട്. ഇവയെല്ലാം മറ്റു രാജ്യങ്ങളില്‍ ഔദ്യോഗികമായി ഉപയോഗിക്കുന്നതാണ്. 11 വാക്‌സീനുകളാണ് പട്ടികയിലുള്ളത്. ഇവയില്‍ ഒറ്റ ഡോസ് വാക്‌സീനുകളും ചുരുങ്ങിയത് 14 ദിവസത്തെ ഇടവേളയില്‍ എടുക്കേണ്ട രണ്ട് ഡോസ് വാക്‌സീനുകളും ഉള്‍പ്പെടുന്നു.
ഒമാനില്‍ അംഗീകാരം നല്‍കിയിട്ടുള്ള കോവീഡ് വാക്‌സീനുകളും കമ്പനികളും:
- ആസ്ട്രസെനേക (വാക്സേവ്രിയ, കോവീഷീല്‍ഡ്)
- ഫൈസര്‍ ബയോഎന്‍ടെക് (കോമിര്‍നാറ്റി)
- മോഡേണ (സ്‌പൈക് വാക്‌സ്/ തകേഡാ ജപ്പാന്‍)
- സിനോഫാം (ബെയ്ജിങ്) (കാവിലോ)
- സിനോവാക് (കൊറോണവാക്)
- ഭാരത് ബയോടെക് (കോവാക്‌സിന്‍)
- കാന്‍സിനോബയോ(കോണ്‍വിഡേഷ്യ)
- നോവാവാക്‌സ് (ന്യുവാക്‌സോവിഡ്) (കോവോവാക്‌സ്)
- ഗാമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സ്പുട്‌നിക് വി)
ഒറ്റ ഡോസ് വാക്‌സീനുകള്‍
- ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍
- സ്പുട്‌നിക് ലൈറ്റ്
ആദ്യ പട്ടികയിലെ കോവിഡ് വാക്‌സീനുകളുടെ രണ്ട് ഡോസുകള്‍ ചുരുങ്ങിയത് 14 ദിവസത്തെ ഇടവേളയിലാണ് സ്വീകരിക്കേണ്ടത്. നേരത്തെ ഒമാനിലേക്ക് യാത്ര ചെയ്യുന്ന രണ്ട് ഡോസ് കോവിഡ് വാക്സീനും സ്വീകരിച്ച യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന വേണ്ടെന്ന് തീരുമാനിച്ചിരുന്നു. രാജ്യത്ത് അംഗീകാരമുള്ള വാക്സീനുകള്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവ്. കൂടാതെ മാസ്‌കുകള്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാത്രം നിര്‍ബന്ധമാക്കിയിരുന്നു. തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക് ആവശ്യമില്ലെന്നും ഒമാന്‍ അറിയിച്ചിട്ടുണ്ട്.