വ്യാഴാഴ്ച കോസ്റ്റാറിക്കയിൽ നടന്ന മത്സരത്തിൽ ആദ്യ തോൽവി ഏറ്റുവാങ്ങിയ കാനഡ ഇന്ന് ജമൈക്കയ്‌ക്കെതിരെ സ്വന്തം മണ്ണിൽ ലോകകപ്പ് യോഗ്യത ഉറപ്പാക്കുമെന്നു താരങ്ങൾ.
“ഞങ്ങൾ മാത്രമല്ല, രാജ്യം മുഴുവൻ കളിക്കുന്നു ” ശനിയാഴ്ച വൈകുന്നേരത്തെ പരിശീലന സെഷനുശേഷം മിഡ്ഫീൽഡർ സ്റ്റീഫൻ യുസ്റ്റാക്വിയോ പറഞ്ഞു.
1985 സെപ്തംബർ 14-ന് കനേഡിയൻ പുരുഷന്മാർ ഹോണ്ടുറാസിനെ 2-1ന് തോൽപ്പിച്ച് ആദ്യത്തേതും ഏകവുമായ ലോകകപ്പ് ബർത്ത് ഉറപ്പിച്ചപ്പോൾ, സെന്റ് ജോൺസിലെ കിംഗ് ജോർജ്ജ് V പാർക്ക് ആയിരുന്നതുപോലെ, ലേക്‌ഫ്രണ്ട് സ്റ്റേഡിയം ഒരു ദേശീയ ആഘോഷത്തിന്റെ പ്രഭവകേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ബിഎംഒ ഫീൽഡിൽ 11 മത്സരങ്ങൾ കളിച്ചത്തിൽ തോൽവി അറിയാത്ത റെക്കോഡുമായാണ് ഇന്ന് കനേഡിയൻ താരങ്ങൾ ഇറങ്ങുന്നത്.
25 പോയിന്റുമായി (7-1-4) അവസാന റൗണ്ട് യോഗ്യതാ റൗണ്ടിൽ മുന്നിൽ നിൽക്കുന്ന കാനഡക്ക് യോഗ്യത ഉറപ്പാക്കാൻ ഒരു പോയിന്റ് കൂടി മതി. നാലാം സ്ഥാനത്തുള്ള കോസ്റ്ററിക്ക (5-3-4, 19 പോയിന്റ്) ഞായറാഴ്ച എൽ സാൽവഡോറിൽ ജയിക്കാനായില്ലെങ്കിൽ ഖത്തറിലേക്കുള്ള ടിക്കറ്റും ബുക്ക് ചെയ്യാം.
CONCACAF -ൽ നിന്നും പോയിന്റ് പട്ടികയിൽ മുന്നിൽ വരുന്ന ആദ്യ മൂന്ന് ടീമുകൾ ഈ നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ നേരിട്ട് യോഗ്യത നേടും. നാലാം സ്ഥാനക്കാരായ ടീം ഭൂഖണ്ഡാന്തര പ്ലേഓഫിൽ ഓഷ്യാനിയ രാജ്യവുമായി ഏറ്റുമുട്ടും.
“സത്യം പറഞ്ഞാൽ, ഞങ്ങൾ ഇപ്പോൾ CONCACAF ലെ ഏറ്റവും മികച്ച ടീമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഞങ്ങൾ അത് പോലെ പ്രവർത്തിക്കാൻ തുടങ്ങണം,” പോർച്ചുഗലിൽ FC Porto ക്കായി തന്റെ ക്ലബ് ഫുട്ബോൾ കളിക്കുന്ന സ്റ്റീഫൻ യുസ്റ്റാക്വിയോ പറഞ്ഞു.