ബേസൽ: തായ്‌ലൻഡിന്റെ ബുസാനൻ ഒങ്‌ബാമൃങ്‌ഫാനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ഇന്ത്യന്‍ താരം പിവി സിന്ധുവിന് സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം. ബുസാനനെതിരെയുള്ള ജയത്തോടെ സിന്ധു ഈ സീസണിലെ തന്റെ രണ്ടാം വനിതാ സിംഗിൾസ് കിരീടമാണ് സ്വന്തമാക്കിയത്.
ടൂർണമെന്റിൽ തന്റെ തുടർച്ചയായ രണ്ടാം ഫൈനൽ കളിച്ച, ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു, നാലാം സീഡായ ബുസാനനെ 21-16, 21-8 എന്ന സ്‌കോറിനാണു പരാജയപ്പെടുത്തിയത്. 49 മിനിറ്റുകൾകൊണ്ടു മത്സരവും കിരീടവും സിന്ധു പോക്കറ്റിലാക്കി.
എന്നാൽ സ്വിസ് ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ എച്ച്എസ് പ്രണോയ് പൊരുതി തോറ്റു.
ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവും നാലാം സീഡുമായ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയോട് 12-21, 18-21 എന്ന സ്‌കോറിന് തോറ്റ പ്രണോയ് റണ്ണറപ്പായി.