ഹെലന്‍സ്‌കി: റഷ്യയുടെ യൂറോപ്പുമായുള്ള യാത്രാ ബന്ധം അവസാനിപ്പിച്ചു. യുക്രെയ്‌നെ ആക്രമിച്ചതിനെ തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് യൂറോപ്പിനെതിരെ റഷ്യ നീങ്ങിയത്. യൂറോപ്പിലേക്കുള്ള അവസാന തീവണ്ടി സേവനമാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. റഷ്യയുടെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്ന് ഫിന്‍ലാന്‍ഡിലേക്കാണ് അവസാന തീവണ്ടി യാത്ര പൂര്‍ത്തിയാക്കി മടങ്ങിയത്. റഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് സേവനം നടത്തുന്ന അലേഗ്രോ എക്‌സ്പ്രസ്സാണ് നിലവിലെ ഉപരോധ സാഹചര്യത്തിലെ അവസാന യാത്ര പൂര്‍ത്തിയാക്കിയത്. റഷ്യയില്‍ നിന്ന് തനിക്ക് പ്രീയപ്പെട്ടതെല്ലാം എടുത്തുകൊണ്ടാണ് ഫിന്‍ലാന്റുകാര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഫിന്‍ലാന്റില്‍ ജീവിച്ചിരുന്ന റഷ്യക്കാര്‍ അതേ തീവണ്ടിയില്‍ തിരികെ നാട്ടിലേക്ക് മടങ്ങി.
റഷ്യ നല്‍കിയ വിസയുള്ള ഫിന്‍ലാന്റുകാരാണ് മടങ്ങിപ്പോയത്.റഷ്യയിലെ അന്തരീക്ഷം തീര്‍ത്തും അനിശ്ചിതത്വത്തിലാണ്. യൂറോപ്യന്‍ രാജ്യങ്ങളും ലോക രാഷ്‌ട്രങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. വിദേശ പൗരന്മാര്‍ റഷ്യയില്‍ തുടരുന്നതുകൊണ്ട് പ്രത്യേകിച്ച് യാതൊരു നേട്ടവുമില്ലെന്നും ഫിന്‍ലാന്റിലേക്ക് എത്തപ്പെട്ട വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.വിമാന ഗതാഗതത്തിലും നിയന്ത്രണങ്ങള്‍ വന്നതോടെ യൂറോപ്പിലേക്ക് പോകേണ്ടവര്‍ക്ക് ഇനിയുള്ള ആശ്രയം തുര്‍ക്കിയും ബെല്‍ഗ്രേഡുമാണ്. ഇതിനും സാധിക്കാത്തവരാണ് റോഡ് മാര്‍ഗ്ഗവും തീവണ്ടിമാര്‍ഗ്ഗവും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. ഇന്നുകൊണ്ട് യൂറോപ്പി ലേക്കുള്ള എല്ലാ തീവണ്ടി സേവനങ്ങളും അവസാനിക്കുമെന്ന് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.