ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ നേടിയ അക്രോബാറ്റിക് ഗോളിൽ ലയണൽ മെസിയെ മറികടന്ന് യുറുഗ്വായ് താരം ലൂയിസ് സുവാരസ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുറുഗ്വായ് വിജയം നേടിയ മത്സരത്തിൽ നേടിയ ഗോളിലൂടെ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന നേട്ടത്തിലാണ് സുവാരസ് മെസിക്കു മുന്നിലെത്തിയത്.
മെസിയും സുവാരസും ഇരുപത്തിയെട്ടു ഗോളാണ് സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ നേടിയിരുന്നത്. ചിലിക്കെതിരെ നേടിയ ഗോളോടെ സുവാരസിന്റെ ഗോൾ നേട്ടം ഇരുപത്തിയൊമ്പതായി, ഇക്വഡോറിനെതിരെ മെസിക്ക് ഗോൾ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. സുവാരസ് 29 ഗോളുകൾ നേടാൻ 62 മത്സരങ്ങൾ എടുത്തപ്പോൾ മെസി 60 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നാണ് 28 തവണ വല കുലുക്കിയത്.
യുറുഗ്വായുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ കഴിഞ്ഞപ്പോൾ അർജന്റീനക്ക് ഇനിയൊരു മത്സരം കൂടി ബാക്കിയുണ്ട്. അതിനാൽ തന്നെ മെസിക്ക് സുവാരസിനൊപ്പമെത്താനോ തന്റെ അടുത്ത സുഹൃത്തിനെ മറികടക്കാനോ ഉള്ള അവസരം ഇനിയുമുണ്ട്. നേരത്തെ മാറ്റിവെച്ച ബ്രസീലിനെതിരെയുള്ള ലോകകപ്പ് മത്സരമാണ് അർജന്റീനക്ക് ബാക്കിയുള്ളത്. ജൂണിൽ മത്സരം നടക്കും.
മത്സരത്തിൽ എഴുപത്തിയൊമ്പതാം മിനുട്ടിൽ സുവാരസ് യുറുഗ്വായെ മുന്നിലെത്തിച്ചതിനു ശേഷം ഇഞ്ചുറി ടൈമിൽ ഫെഡെ വാൽവെർദെയാണ് ലീഡ് ഉയർത്തിയത്. ഇതോടെ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തി യുറുഗ്വായ് ലോകകപ്പ് യോഗ്യത നേടി. അതേസമയം ഏഴാം സ്ഥാനത്തേക്ക് വീണ ചിലി തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെട്ടു.