കഴിഞ്ഞ ഡിസംബറിൽ ഫുട്ബാൾ ആരാധകരെ മുഴുവൻ ഞെട്ടിച്ച് അർജന്റീന താരമായ സെർജിയോ അഗ്യൂറോക്ക് ഫുട്ബോളിൽ നിന്നും വിരമിക്കേണ്ടി വന്നത്. ഹൃദയത്തെ ബാധിക്കുന്ന അസുഖം കണ്ടെത്തിയ അഗ്യൂറോ വീണ്ടും ഫുട്ബോൾ കളിക്കുന്നത് പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
നിരവധി വർഷങ്ങളായി മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി കളിച്ച താരം ബാഴ്‌സലോണയിലേക്ക് ചേക്കേറി ഏതാനും മാസങ്ങൾ തികയും മുൻപാണ് അസുഖം കണ്ടെത്തിയത്. ഈ സീസണിൽ ഏതാനും മത്സരങ്ങൾ കളിച്ചപ്പോൾ തന്നെ വിരമിക്കേണ്ടി വന്ന താരം പക്ഷെ കഴിഞ്ഞ ദിവസം ഫുട്ബോളിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയുണ്ടായി.
“കഴിഞ്ഞ ദിവസം വീണ്ടും ഫുട്ബോൾ കളിക്കാൻ കഴിയുമെന്ന ചിന്ത എന്റെ മനസിലേക്കു വന്നു. അഞ്ചോ ആറോ മാസം പൂർണമായും കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കണം എന്നാണു ഡോക്ടർമാർ പറഞ്ഞതെങ്കിലും എനിക്കിപ്പോൾ തന്നെ പരിശീലനം തുടങ്ങാനുള്ള ആഗ്രഹമാണുള്ളത്.”
“എനിക്ക് ഉന്മേഷത്തിനും വിനോദത്തിനുമായി കളിച്ചു തുടങ്ങണം. മിയാമിയിൽ ഒരു മത്സരം കളിക്കാൻ എന്നെ വിളിച്ചിരുന്നെങ്കിലും ഞാൻ പോയില്ല. എനിക്ക് ഡോക്ടർമാർക്കൊരു സന്ദേശം അയക്കണമായിരുന്നു.” അഗ്യൂറോ ടൈക് സ്പോർട്സിനോട് പറഞ്ഞു.
ഫുട്ബോളിൽ നിന്നും വിരമിക്കേണ്ടി വന്നതോടെ കരിയറിലെ അവസാനത്തെ ലോകകപ്പിൽ പങ്കെടുക്കാനുള്ള അവസരം കൂടിയാണ് അഗ്യൂറോക്ക് ഇല്ലാതായത്.