ടൊറോൻ്റോ: ഒന്റാരിയോ പരിഷ്‌ക്കരിച്ച റോഡ് ടെസ്റ്റുകൾ വിപുലീകരിക്കുന്നു. class G റോഡ് ടെസ്റ്റുകളുടെ പരിഷ്കരിച്ച പതിപ്പ് ഉപയോഗിക്കുന്നത് തുടരുമെന്ന് ഒന്റാറിയോയിലെ ഗതാഗത മന്ത്രി കരോലിൻ മൾറോണി വ്യാഴാഴ്ച ഒരു ട്വീറ്റിൽ പ്രഖ്യാപിച്ചു, അതിനർത്ഥം നിങ്ങളുടെ പാരലൽ പാർക്കിംഗ് ടെസ്റ്റുകൾ ഇനിയുണ്ടാവില്ല എന്നാണ്.
ഒന്റാറിയോയിൽ ഉടനീളം class G റോഡ് ടെസ്റ്റുകൾക്ക് ഉയർന്ന ഡിമാൻഡുണ്ടെന്നും അതുകൊണ്ടാണ് ഗവൺമെന്റ് പരിഷ്കരിച്ച G റോഡ് ടെസ്റ്റുകളുടെ ഉപയോഗം നിലനിർത്തുന്നതെന്നും അടിസ്ഥാന ഡ്രൈവിങ് കഴിവുകൾ വിലയിരുത്തുന്നത് തുടരുമ്പോൾ കൂടുതൽ കാര്യക്ഷമമായ പരിശോധനകൾ നടത്താൻ സാധിക്കുന്നു എന്നും ട്വീറ്റിൽ പറയുന്നു.
2022 ജനുവരിയിൽ കോവിഡ്-19 പാൻഡെമിക് സൃഷ്‌ടിച്ച ബാക്ക്‌ലോഗ് കാരണമാണ് ടെസ്റ്റിന്റെ സ്ട്രീംലൈൻഡ് പതിപ്പ് അവതരിപ്പിച്ചത്. പരിഷ്‌ക്കരിച്ച പരിശോധന കുറഞ്ഞത് 2022 മാർച്ച് 31 വരെ നിലവിലുണ്ടാകുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നിരുന്നാലും, ഉയർന്ന ഡിമാൻഡ് കാരണം കാര്യക്ഷമമായ പ്രക്രിയ ഇപ്പോഴും ആവശ്യമാണെന്ന് തോന്നുന്നു. പരിഷ്‌ക്കരിച്ച പതിപ്പ് എത്രനാൾ തുടരുമെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
G2 ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന 3 point turn , പാരലൽ പാർക്കിംഗ് അല്ലെങ്കിൽ റോഡരികിലെ സ്റ്റോപ്പുകൾ എന്നിവ G ടെസ്റ്റിനായി താൽക്കാലികമായി നിർത്തുമെന്ന് ഒന്റാറിയോയിലെ ഗതാഗത മന്ത്രിയുടെ പ്രസ് സെക്രട്ടറി ഡക്കോട്ട ബ്രാസിയർ അറിയിച്ചു. ബ്രസീയർ പറയുന്നതനുസരിച്ച്, പരിഷ്‌ക്കരിച്ച ടെസ്റ്റ് റൂട്ടുകൾ ഉപയോഗിക്കുന്നത് മൂലം പ്രതിദിനം 30% കൂടുതൽ ടെസ്റ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ടെസ്റ്റ് ചെറുതായിരിക്കാമെങ്കിലും പ്രധാന റോഡുകളിലും എക്സ്പ്രസ് വേകളിലും, വളവുകൾ, കവലകൾ, ബിസിനസ്സ് ഏരിയകൾ തുടങ്ങിയവയിലൂടെയുള്ള ഡ്രൈവിംഗ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾ വളരെ സമഗ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.