ഈ വര്‍ഷാവസാനം ഖത്തറില്‍ നടക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് പുറത്തിറക്കി. യാത്ര, സഞ്ചാരം എന്ന അര്‍ത്ഥം വരുന്ന ‘അല്‍ രിഹ്‌ല’ എന്നാണ് പുതിയ പന്തിന്റെ പേര്.
അഡിഡാസാണ് പന്തിന്റെ നിര്‍മാതാക്കള്‍. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന സവിശേഷതയോടെയാണ് ‘അല്‍ രിഹ്‌ല’ ഖത്തര്‍ ലോകകപ്പിന്റെ മൈതാനങ്ങളിലെത്തുന്നത്. തുടര്‍ച്ചയായി 14ാം തവണയാണ് അഡിഡാസ് ലോകകപ്പ് പന്തിന്റെ ഔദ്യോഗിക നിര്‍മാതാക്കളാവുന്നത്. ഖത്തറിന്റെ പൈതൃകവും സംസ്‌കാരവും ദേശീയ പതാകയുടെ നിറവുമെല്ലാം പന്ത് രൂപകല്‍പനയില്‍ സ്വാധീനിച്ചിട്ടുണ്ട്.
മൈതാനത്തെ അതിവേഗതയും, ഷോട്ടുകളിലെ കൃത്യതയുമെല്ലാമാണ് പന്തിന്റെ പ്രധാന സവിശേഷത. 1970 മുതലാണ് അഡിഡാസ് ലോകകപ്പിലെ ഔദ്യോഗിക പന്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. 2010ലെ ജബുലാനി, 2014ലെ ബ്രസൂക്ക, 2018ലെ ടെല്‍സ്റ്റാര്‍ 18 എന്നിവയായിരുന്നു കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലെ പന്തിന്റെ ഔദ്യോഗിക പേര്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഏറെക്കുറെ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ലോകകപ്പിനായി ഖത്തര്‍ മികച്ച രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. യോഗ്യത നേടിയ ടീമുകളെ ഏപ്രില്‍ ഒന്നിന് രാത്രി എട്ട് മണിക്കാണ് ഗ്രൂപ്പുകളാക്കി തിരിക്കുന്നത്.
വിവിധ വന്‍കരകളില്‍ നിന്നായി 27 ടീമുകളാണ് ഇതുവരെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയിട്ടുള്ളത്. നവംബര്‍ 21മുതലാണ് ഖത്തറിലെ വിവിധ വേദികളിലായി ലോകകപ്പിന്റെ ആവേശത്തിന് അരങ്ങുയരുന്നത്. ഡിസംബര്‍ 18ന് ലുസൈല്‍ സ്‌റ്റേഡിയത്തിലായിരിക്കും ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കിരീടപ്പോരാട്ടം നടക്കുക.