കനേഡിയൻ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള പ്രക്രിയ ലളിതമാക്കി വിപുലീകരിക്കുമെന്നു ഫെഡറൽ ഗവൺമെന്റ്. COVID-19 യാത്രാ നിയന്ത്രണങ്ങൾ നീക്കുകയും കൂടുതൽ കനേഡിയൻമാർ വിദേശത്തേക്ക് യാത്ര ആരംഭിക്കുകയും ചെയ്തതോടെ പാസ്സ്‌പോർട്ട് സേവനങ്ങൾ നവീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നു ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ചു.
കാനഡയിൽ താമസിക്കുന്ന കനേഡിയൻമാർക്കും വിദേശത്ത് താമസിക്കുന്നവർക്കും അവരുടെ കനേഡിയൻ പാസ്‌പോർട്ടുകൾക്കായി 2022 മാർച്ച് 31 വരെ ലളിതമായ പുതുക്കൽ അപേക്ഷാ പ്രക്രിയ ഉപയോഗിക്കാം. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ നൽകിയ പാസ്പോർട്ടുകൾക്കും ഈ നിയമം ബാധകമാണ്.
പാസ്‌പോർട്ടുകൾ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌ത കനേഡിയൻമാർക്കും ലളിതമാക്കിയ പുതുക്കൽ അപേക്ഷാ പ്രക്രിയ വിനിയോഗിക്കാം.
പുതുക്കൽ പ്രക്രിയയിൽ, അപേക്ഷകർക്ക് ഒരു ഗ്യാരന്റർ ഉണ്ടായിരിക്കേണ്ടതില്ല. കൂടാതെ പൗരത്വത്തിന്റെ തെളിവ് അല്ലെങ്കിൽ ഫോട്ടോ ഐഡി പോലുള്ള യഥാർത്ഥ രേഖകളും നൽകേണ്ടതില്ല.
രണ്ട് ഫോട്ടോകളും രണ്ട് റഫറൻസുകളും പൂരിപ്പിച്ച ഫോമും ബാധകമായ ഫീസും മാത്രമാണ് പാസ്പോര്ട്ട് പുതുക്കുന്നതിനായി ആവിശ്യമുള്ളത്.
ഇപ്പോൾ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെടുന്നതിനാൽ, പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് മടങ്ങുകയാണെന്നും ഫെഡറൽ സർക്കാർ പറഞ്ഞു.
കനേഡിയൻ പാസ്‌പോർട്ട് അടുത്തിടെ മറ്റ് രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച പാസ്‌പോർട്ടായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.