കണ്ണൂർ : സിപിഐ (എം) 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ കണ്ണൂരില്‍ തുടക്കമാകും. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ചേരും. സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ തന്നെ കണ്ണൂരില്‍ എത്തി. നാളെ രാവിലെ 9 ന് സമ്മേളന നഗരിയായ നായനാര്‍ അക്കാദമിയില്‍ പതാക ഉയര്‍ത്തുന്നതോടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കമാകും.
പൊതുസമ്മേളനവേദിയായ എ കെ ജി നഗറിൽ (ജവഹർ സ്‌റ്റേഡിയം) ചൊവ്വ വൈകിട്ട് സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. ജനനായകൻ ഇ കെ നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം. ബുധൻ രാവിലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും.
പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 815 പേരാണ് കോൺഗ്രസിൽ പങ്കെടുക്കുന്നത്. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പുന്നപ്ര–-വയലാറിന്റെ മണ്ണിൽനിന്നും കൊടിമരം കയ്യൂർ സമരഭൂമിയിൽനിന്നും ബുധനാഴ്‌ച കണ്ണൂരിലെത്തിക്കും. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി നേതൃത്വം നൽകുന്ന കൊടിമരജാഥ അനശ്വരരായ കയ്യൂർ രക്തസാക്ഷികളുടെ നാട്ടിൽനിന്ന് തിങ്കളാഴ്ച്ച വൈകുന്നേരം പ്രയാണം ആരംഭിച്ചു.
കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി എം വി ഗോവിന്ദൻ കൊടിമരജാഥ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ പി കെ ശ്രീമതിക്ക് കൊടിമരം കൈമാറി. ജാഥാ മാനേജർ കെ പി സതീഷ്‌ചന്ദ്രനും മറ്റു നേതാക്കളും ഏറ്റുവാങ്ങി. കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ അധ്യക്ഷനായി. എം രാജഗോപാലൻ എംഎൽഎ സ്വാഗതം പറഞ്ഞു.
ചുവപ്പ് വളന്റിയർമാരുടെ അകമ്പടിയോടെ ചൊവ്വാഴ്‌ച കാസർകോട്, കണ്ണൂർ ജില്ലകളിൽ സ്വീകരണകേന്ദ്രങ്ങൾ പിന്നിട്ട് വൈകുന്നേരം അഞ്ചിന് സമ്മേളന നഗരിയിൽ എത്തും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് നയിക്കുന്ന പതാക ജാഥ ചൊവ്വ രാവിലെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.

23-ാം പാര്‍ട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കമിടുമ്പോള്‍ ദേശീയ തലത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ ആയുധങ്ങൾക്ക് മൂര്‍ച്ച കൂട്ടുന്ന തിരക്കിലാണ് സിപിഐ (എം). രണ്ട് വര്‍ഷത്തിനു ശേഷം വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പുതിയ തന്ത്രങ്ങൾക്കും സഖ്യസാധ്യതകൾക്കും രൂപം നൽകുകയായിരിക്കും പുതിയ നേതൃത്വത്തിൻ്റെ ചുമതല.
ബിജെപിയ്ക്കെതിരെ കഴിഞ്ഞ പാര്‍ട്ടി കോൺഗ്രസിൽ സിപിഐ (എം) സ്വീകരിച്ച നയത്തിൽ നിന്ന് വ്യത്യാസമുണ്ടാകാൻ ഇടയില്ലെങ്കിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രവര്‍ത്തിക്കുന്ന മതേതര പാര്‍ട്ടികളുമായി സഹകരിക്കാൻ കൂടുതൽ സാധ്യതകൾ തേടും. നിലവിലെ സാഹചര്യത്തിൽ ബിജെപിയ്ക്കെതിരെ പൊരുതാൻ കോൺഗ്രസിനു ശേഷിയില്ലെന്നാണ് സിപിഐ (എം)ൻ്റെ വിലയിരുത്തൽ. എന്നാൽ പ്രാദേശികതലത്തിൽ കേന്ദ്രസർക്കാരുമായി നേരിട്ട് ഏറ്റുമുട്ടുന്ന പല പാർട്ടികളും ബിജെപിയ്ക്കെതിരെ ആശയപരമായി പൊരുതാൻ തയ്യാറാകുന്നില്ലെന്നും പാർട്ടി കരുതുന്നു. ഈ സാഹചര്യത്തിൽ ബിജെപിയ്ക്കെതിരെ വിശാലമായ മതേതര സഖ്യത്തിനാണ് പാർട്ടി തയ്യാറെടുക്കുന്നത്.
“വിവിധ സംസ്ഥാനങ്ങളിൽ സര്‍ക്കാരുകള്‍ക്ക് നേതൃത്വം നൽകുന്ന ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, ടിആര്‍എസ്, വൈഎസ്ആര്‍ കോൺഗ്രസ് തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ ഭരണഘടനയിലെ ഫെഡറൽ തത്വങ്ങള്‍ കാത്തുസൂക്ഷിക്കാനായി ബിജെപിയ്ക്കെതിരെ പൊരുതാനായി ഒന്നിക്കണം. ഇതിൻ്റെ നേതൃചുമതല ഏൽപ്പിച്ചിരിക്കുന്നത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയാണ്.” ഒരു മുതിർന്ന സിപിഐ (എം) നേതാവ് പറഞ്ഞു.
കോൺഗ്രസിനോടു മൃദുസമീപനം തുടരുന്നത് സിപിഐ (എം)നു ഗുണം ചെയ്യില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. എന്നാൽ 2004-ൽ സ്വീകരിച്ച നയം ആവർത്തിക്കാനും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുമുള്ള സാധ്യതകളാണ് സിപിഐ (എം) പരിശോധിക്കുന്നത്. ബിജെപി ശക്തി പ്രാപിച്ചതോടെ 199-0കളിലാണ് കോൺഗ്രസുമായി നീക്കുപോക്കാകാം എന്ന നിലപാടിൽ പാർട്ടി എത്തിയത്. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിതിൻറെ ഭാവനയിൽ വിരിഞ്ഞ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യം ബിജെപിയ്ക്കെതിരെ 2004ൽ വിജയം നേടുകയും ചെയ്തിരുന്നു. ലോക്‌സഭയിൽ സിപിഎമ്മിന് ഏറ്റവുമധികം സീറ്റുകൾ നേടാൻ കഴിഞ്ഞ ആ വർഷം കോൺഗ്രസിനും സുവർണകാലമായിരുന്നു. എന്നാൽ ആണവ കരാറിൻ്റെ പേരിൽ സിപിഎം സഖ്യത്തിൽ നിന്ന് ഒഴിഞ്ഞതിനു പിന്നാലെ പല തെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടു.
ത്രിപുരയും പശ്ചിമ ബംഗാളും നഷ്ടമായതോടെ കേരളത്തിൽ മാത്രമാണ് സിപിഐ (എം) നിലവിൽ അധികാരത്തിലുള്ളത്. പാർട്ടിയ്ക്കുണ്ടായ തിരിച്ചടികൾ അംഗീകരിച്ചു കൊണ്ടു തന്നെ ഇതിൽ നിന്നു കരകയറാനാണ് പാർട്ടി ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസിനു സവിശേഷ പരിഗണന നൽകേണ്ടതില്ലെന്നാണ് സിപിഐ (എം) നേതാക്കളുടെ കൂട്ടായ തീരുമാനം. തമിഴ്നാട് മാതൃകയിൽ അതതു സംസ്ഥാനങ്ങളിൽ പ്രബലരായ ബിജെപി വിരുദ്ധ കക്ഷികളുമായി ചേർന്നു പ്രവർത്തിക്കാനാണ് നിലവില ധാരണ.