നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞു കൊണ്ടുള്ള 5-5-0 ഫോർമേഷനിൽ ടീമിനെ ഇറക്കിയത് ശരിയായ തീരുമാനം ആയിരുന്നുവെന്ന് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒരു ഗോളിന് കീഴടങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്തു നടന്ന മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് യാതൊരു തരത്തിലുള്ള ആക്രമണത്തിലും മുതിരാതെ പൂർണമായും പ്രതിരോധത്തിലേക്ക് വലിയുകയാണു ചെയ്‌തത്. മത്സരത്തിൽ ഒരു ഷോട്ട് പോലും ഉതിർക്കാതിരുന്ന അത്ലറ്റികോ മാഡ്രിഡിന് അനുകൂലമായി ഒരു കോർണർ പോലും ലഭിച്ചില്ലെന്നത് അവരുടെ ശൈലി വ്യക്തമാക്കുന്നു. മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും തന്റെ ശൈലി ടീം അച്ചടക്കത്തോടെ നടപ്പിലാക്കിയെന്നാണ് സിമിയോണി പറയുന്നത്.
“ഇതൊരു കടുപ്പമേറിയ മത്സരമായിരുന്നു, അസാധാരണമായ ഒരു ടീമിനെതിരെ, ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമിനെതിരെ. പക്ഷെ ഞങ്ങൾ ഒതുക്കത്തോടെ പൊരുതി. വളരെ മുറുക്കമുള്ള മത്സരത്തിൽ പ്രത്യാക്രമണത്തിലൂടെ കളിക്കുക എന്നതായിരുന്നു ആവശ്യം. ആദ്യപകുതിയിൽ ഞങ്ങൾക്കു പുറത്തു കടക്കാൻ കഴിഞ്ഞില്ല, അവർക്ക് ഗോളിലേക്ക് ഒരു ഷോട്ട് പോലുമുതിർക്കാണ് കഴിഞ്ഞില്ലെങ്കിലും. രണ്ടാം പകുതിയിൽ ഞങ്ങൾ കൂടുതൽ അപകടകാരികളായപ്പോൾ അവരൊരു ഗോൾ കണ്ടെത്തി.”

“വളരെ മികച്ച രീതിയിൽ ആക്രമണം നടത്തുന്ന ഒരു ടീമിനെ ഇങ്ങിനെ തന്നെയാണ് നേരിടേണ്ടത്. അവരെപ്പോലെയുള്ള ഒരു ടീമിനെതിരെ ഇങ്ങിനെ ചെയ്യാൻ കഴിയുന്നതു തന്നെ ബുദ്ധിമുട്ടാണ്. മൂന്നു നല്ല താരങ്ങൾ പോയാൽ പകരക്കാരായി മൂന്നു മികച്ച താരങ്ങളാണു വരിക.” സിമിയോണി ആവിഷ്‌കരിച്ച ശൈലിയെ മറികടക്കാനുള്ള ബുദ്ധിമുട്ടിനെപ്പറ്റി സംസാരിച്ച ഗ്വാർഡിയോളക്കു മറുപടിയായി അത്ലറ്റികോ പരിശീലകൻ പറഞ്ഞു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി വിജയഗോളിന് അസിസ്റ്റ് നൽകിയ ഫിൽ ഫോഡനെ സിമിയോണി പരാമർശിച്ചു. താരം ആദ്യ ഇലവനിൽ തന്നെ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും രണ്ടാം പകുതിയിൽ ഇറങ്ങിയ താരം ആക്രമണത്തിനു കരുത്തേകിയെന്ന് അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുടെ കളി കാണാൻ രസകരമാണെന്നു പറഞ്ഞ അദ്ദേഹം രണ്ടാം പാദത്തിൽ വ്യത്യസ്‌തമായ ശൈലിയിലാവും ടീം കളിക്കുകയെന്നും വ്യക്തമാക്കി.