സൌത്ത് കരോലിനയെ ലക്ഷ്യമാക്കി നീങ്ങിയ ചുഴലിക്കൊടുങ്കാറ്റിന് ശക്തി കുറഞ്ഞെങ്കിലും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് റിപ്പോർട്ടുകൾ. 48 മണിക്കൂറോളം ആഞ്ഞുവീശിയ ശേഷമാണ് ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞത്. ഇതുവരെ ഫ്ലോറിഡയിലും പരിസരങ്ങളിലുമായി നിരവധി പേർക്ക് ജീവൻ നഷ്ടമായതായാണ് കണക്കുകൾ. മേൽക്കൂര തകർന്ന് വീണ് 71കാരി മരിച്ചതായി അധികൃതർ വ്യക്തമാക്കി. 22കാരിയും ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അപകടത്തിൽ മരിച്ചതായാണ് പുറത്ത് വരുന്ന വിവരം. നിരവധിയാളുകൾ ഒഴുക്കിൽ പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മരണസംഖ്യ കുത്തനെ ഉയർന്നേക്കാം.

ഏകദേശം 1.5 മില്യൺ ആളുകൾ വൈദ്യുതി തകരാറിലായത് മൂലം ഇപ്പോഴും ഇരുട്ടിലാണ്. ഏകദേശം 325 പേരെ രക്ഷിച്ചതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. 83 വളർത്തുമൃഗങ്ങളും രക്ഷപ്പെട്ടു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും മരുന്നും ഭക്ഷണവും വേണ്ടവരെ സഹായിക്കാൻ രക്ഷാപ്രവർത്തകരുടെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.