അഖില സുരേഷ്
ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് വിലക്കാൻ പാടില്ലെന്ന് മമ്മൂട്ടി. ഒരു നടനേയും വിലക്കാൻ പാടില്ല എന്നും മമ്മൂട്ടി പറഞ്ഞു. റോഷാക്ക് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടിയുടെ പ്രതികരണം. വിലക്കിയിട്ടില്ല എന്നാണ് ഞാൻ അറിയുന്നത്. അങ്ങനെയല്ല എങ്കിൽ ആരേയും ജോലിയിൽ നിന്ന് വിലക്കാൻ പാടില്ലല്ലോ, നമ്മളെന്തിനാ അന്നം മുട്ടിക്കുന്നത് എന്നും നടൻ കൂട്ടിച്ചേർത്തു.
പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കിയത്. തെറ്റ് ചെയ്തിട്ടുണ്ട് എന്ന് നടൻ സമ്മതിച്ചു എന്നും കുറച്ചു നാളുകളിലേയ്ക്ക് ശ്രീനാഥ് ഭാസിക്ക് പുതിയ സിനിമകൾ നൽകേണ്ട എന്നാണ് സംഘടനയുടെ തീരുമാനിച്ചത്.
എത്ര നാളത്തേക്കാകും വിലക്കെന്ന് പിന്നീട് തീരുമാനിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. ഒരു ചിത്രത്തിൻ്റെ ഷൂട്ടിങ്ങും ചില ഡബ്ബിംഗ് ജോലികളും പൂർത്തിയാകാനുണ്ട്. അത് പൂർത്തിയാക്കാൻ ശ്രീനാഥ് ഭാസിയെ അനുവദിക്കും. നടൻ ഒരു സിനിമയ്ക്കായി കരാറിൽ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക വാങ്ങിയിരുന്നു. ഈ തുക തിരികെ നൽകാമെന്നും നടൻ സമ്മതിച്ചിട്ടുണ്ട് എന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.
കഴിഞ്ഞ ദിവസം ഖത്തറില്‍ നടന്ന പരിപാടിയിലും വിഷയത്തില്‍ മമ്മൂട്ടി പ്രതികരിച്ചിരുന്നു. ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവര്‍ക്കുള്ള മറുപടിയുമാണ് പറയുന്നത്. അതിനെ നമുക്ക് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. ചര്‍ച്ചകള്‍ നടക്കട്ടെ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്.