മോശമായ ചിത്രങ്ങൾ ഓൺലൈനിൽ അയച്ചതായുള്ള സംഭവങ്ങൾ നിരവധിയാണെങ്കിലും അതിൽ വളരെ ചുരുക്കം ആളുകൾ മാത്രമേ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കാറുള്ളൂ. ചിലർ ഇത് പാടേ അവഗണിക്കുന്നു. മറ്റ് ചിലർ പരാതിപ്പെടുന്നു. എന്നാൽ എന്ത് ചെയ്യണമെന്ന് അറിയാത്തവരും ഉണ്ട് ഇക്കൂട്ടത്തിൽ.
സൈബർ ഫ്ലാഷിംഗ് എന്ന് വിളിക്കപ്പെടുന്ന സൈബർ പ്രതിഭാസത്തിലൂടെ, സോഷ്യൽ മീഡിയയിൽ ഒരു പുതിയ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ഉടനെ മോശം ചിത്രങ്ങൾ മെസേജുകളായി ലഭിക്കുന്നത് പതിവാണെന്ന് പലരും ആരോപിക്കുന്നുണ്ട്. നോർത്ത് വെസ്റ്റ് ടെറിട്ടറികളിൽ ഇത്തരം അനുഭവങ്ങളെക്കുറിച്ച് പൊതുജനങ്ങളോട് അന്വേഷിച്ച റിപ്പോർട്ടർമാരോട് പലരും പങ്കുവച്ച അനുഭവങ്ങളാണിത്. സ്ത്രീകൾക്കിടയിൽ ഇത് സാധാരണയായി ചർച്ച ചെയ്യപ്പെടാറുണ്ട്.
എന്നാൽ എന്താണ് ഇത് തടയാനുള്ള നിയമം?
കനേഡിയൻ ക്രിമിനൽ കോഡിന് നഗ്നചിത്രങ്ങൾ അയക്കുന്നത് സംബന്ധിച്ച് നിരവധി നിയമങ്ങളുണ്ട്. ഉദാഹരണത്തിന്, അസഭ്യം പറയുന്നതിനെതിരെയുള്ള നിയമങ്ങൾ. ഈ നിയമത്തിലൂടെ 16 വയസ്സിന് താഴെയുള്ളവർക്ക് വ്യക്തിപരമായോ ഓൺലൈനിലോ മറ്റൊരാളുടെ സ്വകാര്യ ചിത്രങ്ങൾ ലഭിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകുന്നുണ്ട്.
ചൈൽഡ് പോണോഗ്രഫിക്കെതിരായ നിയമങ്ങൾ – അതിന്‍റെ നിർമ്മാണം, വിതരണം അല്ലെങ്കിൽ കൈവശം വയ്ക്കൽ എന്നിവ ഉൾപ്പെടെ – കുട്ടികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അവരുടെ സമ്മതമില്ലാതെ മറ്റൊരാളുടെ വ്യക്തമായ ചിത്രം പ്രസിദ്ധീകരിക്കുന്നതിനോ പങ്കിടുന്നതിനോ എതിരെ നിയമങ്ങളുണ്ട്. എന്നാൽ ആവശ്യപ്പെടാത്ത വ്യക്തമായ ഫോട്ടോകൾ അയയ്ക്കുന്നത് ക്രിമിനൽ കോഡിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.റെജീനയിലും സസ്‌കറ്റൂണിലും പരസ്പര സമ്മതമില്ലാതെ ഇത്തരത്തിലുള്ള നഗ്ന ചിത്രങ്ങൾ പങ്കുവെക്കുന്ന കേസുകൾ വർധിച്ചതായാണ് റിപ്പോർട്ടുകൾ. ഭൂരിഭാഗം ആളുകളും ഇത് ഒരു കുറ്റകൃത്യമായി കരുതാത്തതിനാൽ ഇത് മുഴുവനായും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നതാണ് വാസ്തവം. എന്നാൽ പോലീസുദ്യോഗസ്ഥരിൽ ഇതിനെക്കുറിച്ച് പരാതിപ്പെടാൻ ഏതൊരു സ്ത്രീക്കും അവകാശമുണ്ട്. യാതൊരു കാരണവശാലും ഇത്തരം ചിത്രങ്ങൾക്കോ മെസേജുകൾക്കോ മറുപടി നൽകേണ്ടതില്ല. അയക്കുന്ന ആളെ ബ്ലോക്ക് ചെയ്യുകയോ മെസേജ് ഡിലീറ്റ് ചെയ്യുകയോ ചെയ്ത് അവരുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് വിദഗ്ദർ പറയുന്നു.