ഒരു അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഏഴു മാസമായി കോമയിലായിരുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എയിംസ് ട്രോമ സെന്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 23 കാരിയായ ഷാഫിയയാണ് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്.
ഏപ്രില്‍ ഒന്നിനാണ് യുവതിയെ എയിംസില്‍ എത്തിച്ചത്. അപകടസമയം ഷാഫിയ 40 ദിവസം ഗര്‍ഭിണിയായിരുന്നു. നിലവില്‍ യുവതി അബോധാവസ്ഥയിലാണ്.
ബുലന്ദ്ഷറിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഷാഫിയയെ എയിംസ് ട്രോമ സെന്ററിലേക്ക് റഫര്‍ ചെയ്തു. ഷാഫിയ ആശുപത്രിയില്‍ കഴിഞ്ഞ മാസങ്ങളില്‍ നാല് ന്യൂറോ സര്‍ജിക്കല്‍ ഓപ്പറേഷനുകള്‍ക്ക് വിധേയയായി. ഒക്ടോബര്‍ 22 ന് അവള്‍ സുഖപ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കി. 18 ആഴ്ച ഗര്‍ഭിണിയായിരുന്നപ്പോള്‍ നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിലാണ് കുഞ്ഞ് ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചത്.
ഷാഫിയയ്ക്ക് ബോധം തിരിച്ചുകിട്ടാന്‍ 10-15 ശതമാനം സാധ്യതയുണ്ടെന്ന് ന്യൂറോ സര്‍ജനായ ഡോ.ദീപക് ഗുപ്ത പറയുന്നു. യുവതി അബോധാവസ്ഥയിലായതിനാല്‍ അബോര്‍ഷനെ കുറിച്ച് വരെ ചിന്തിച്ചിരുന്നു. രണ്ട് മൂന്ന് മാസം ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടര്‍ന്നു. പിന്നാലെ നടത്തിയ അള്‍ട്രാ സൗണ്ട് പരിശോധനയില്‍ കുഞ്ഞിന് വൈകല്യമൊന്നും തന്നെ ഉള്ളതായി കണ്ടെത്തിയില്ല. പിന്നാലെ കുഞ്ഞുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു’ ഗുപ്ത പറഞ്ഞു.
വളരെ അസാധാരണമാണിതെന്നും എയിംസിലെ തന്റെ 22 വര്‍ഷത്തെ ന്യൂറോ സര്‍ജിക്കല്‍ ജീവിതത്തില്‍ ഇത്തരമൊരു സാഹചര്യം അഭിമുഖീകരിച്ചിട്ടില്ലെന്നും ഗുപ്ത പറയുന്നു.