ബിബിൻ രാജൻ, സിജു ജോൺ
കാനഡയിൽ മലയാളികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതിനൊപ്പം ട്രക്കിങ്ങ് മേഖലയിലേയ്ക്ക് തിരിയുന്നവരുടെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കാനഡയിലെ ഇന്നത്തെ വർധിച്ച ജീവിത ചിലവ് കൂടുതൽ ആളുകളെ ട്രക്കിങ്ങ് മേഖലയിലേയ്ക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു.
ട്രക്കർമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കുടുംബ ജീവിതത്തിൻ്റെ താളം തെറ്റിക്കുന്ന അവസ്ഥയെ അതിജീവിക്കുക എന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി.
ജോലി ട്രക്ക് ഓടിക്കുന്നതാണ് എന്ന് കേൾക്കുമ്പോഴേ ആളുകൾ ചിന്തിക്കുന്നത് മാസം 7000 ഡോളർ മുതൽ 10000 ഡോളർ വരെ സമ്പാദിക്കുന്നവൻ എന്നാണ്. പക്ഷേ അതിൻ്റെ പിന്നിലെ കഷ്ട്ടപ്പാട് ആരും മനസിലാക്കുന്നില്ല. ട്രക്കിങ്ങ് മേഖലയെ പരിചയപ്പെടുത്തുകയും ഈ ജോലി ചെയ്യുമ്പോൾ അനുഭവിക്കേണ്ടി വരുന്ന നല്ലതും മോശവുമായ കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കപ്പെടുക.
എങ്ങനെയാണ് ട്രക്ക് ലൈസൻസ് ലഭിക്കുക? എത്ര രൂപ ചിലവാകും?
ഇവിടെ ഞങ്ങൾ താമസിക്കുന്നത് ഒൻ്റാരിയോയിലാണ്. അതു കൊണ്ട് ലൈസൻസ് സംബന്ധമായ കാര്യങ്ങൾ ഈ പ്രൊവിൻസിനെ അടിസ്ഥാനമാക്കി ആയിരിക്കും പറയുന്നത്. ഒൻ്റാരിയോയിൽ G ലൈസൻസ് ഉള്ള 18 വയസ് പൂർത്തീകരിച്ച ആർക്കും ട്രക്ക് ലൈസൻസ് ലഭിക്കുന്നതിനാവശ്യമായ കോഴ്സിന് ചേരാം. കോഴ്സിന് ചേരുന്നതിന് മുമ്പ് മെഡിക്കൽ ടെസ്റ്റ് പൂർത്തീയാക്കേണ്ടത് ഉണ്ട്. അതോടൊപ്പം എൻഡോഴ്സ്മെൻറ് അതായത് എയർ ബ്രേക്ക് ക്ലാസും പരീക്ഷയും പാസാകണം. അതിന് ശേഷം റൂളിൻ്റയും സൈനിൻ്റെയും അറിവ് പരിശോധിക്കുന്ന പരീക്ഷ എഴുതണം.
മുകളിൽ പറഞ്ഞ ഈ കാര്യങ്ങൾ പൂർത്തീകരിച്ചതിന് ശേഷമാണ് ലൈസൻസ് ലഭ്യമാക്കുന്ന സ്കൂളിൽ ചേരുന്നത്. ഏറ്റവും കൂടുതൽ ട്രക്ക് ഡ്രൈവിങ്ങ് സ്കൂളുകൾ ഉള്ളത് ഒൻ്റാരിയോയിലെ ബ്രാംപ്ടണിലും മിസിസ്സാഗയിലും ആണ്.ഇവിടെ സ്കൂളുകൾ ധാരാളമുള്ളതുകൊണ്ട് പ്രൊവിൻസിൻ്റെ മറ്റ് ഭാഗങ്ങളിലേയ്ക്കാൾ ഫീസ് താരതമ്യേന കുറവാണ്. 3500 ഡോളർ മുതൽ ക്കാണ് ഓരോ സ്കൂളും ഫീസ് പറയുന്നത്. 4500 ഡോളർ ആണ് ഫീസ് എങ്കിൽ രണ്ട് തവണ റോഡ് ടെസ്റ്റിന് അറ്റൻ്റ് ചെയ്യാം.( ആദ്യ തവണ റോഡ് ടെസ്റ്റ് പരാജയപ്പെട്ടാൽ ). 5000 ഡോളറിന് കൂടുതൽ അവസരങ്ങൾ നൽകുന്ന സ്കൂളുകളും ഉണ്ട്.
5-7 ആഴ്ച വരെ ഒക്കെയാണ് സാധാരണ പഠിക്കുവാനെടുക്കുന്ന സമയം. ഇതിൽ ഇൻ ക്ലാസ്സും, യാർഡ് ക്ലാസ്സും റോഡ് ക്ലാസ്സും ഉണ്ട്.
ലൈസൻസിനായി പഠിക്കുന്നവർ റോഡ് ടെസ്റ്റിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്നും പ്രത്യേകത ഉണ്ട്. അതായത് റോഡ് ടെസ്റ്റിന് സെൻ്റർ എടുക്കുന്നത് ഏറ്റവും എളുമുണ്ട് എന്ന് വിശ്വസിക്കുന്നതും മറ്റുളളവർ പറഞ്ഞ് കേട്ടതുമായ സ്ഥലം ആയിരിക്കും.
മുകളിൽ പറഞ്ഞ കടമ്പകൾ കടന്നാണ് ഇപ്പോൾ ഒരാൾ ട്രക്ക് ഡ്രൈവർ ആകുന്നത്. ലൈസൻസ് ലഭിച്ച് ജോലി ലഭ്യമാകാൻ എടുക്കുന്ന കാലതാമസ്സം ഉൾപ്പടെയുള്ള കാര്യങ്ങൾ അടുത്ത ലക്കത്തിൽ ചർച്ച ചെയ്യാം