“ശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ച്ചയും മൂലം നോർത്തേൺ സസ്കച്ചുവനിൽ താപനില മൈനസ് 45 ഡിഗ്രി സെൽഷ്യസ് വരെയായി കുറയുന്നതിനാൽ അതിശൈത്യ മുന്നറിയിപ്പുകൾ നൽകിയതായി എൻവയോൺമെന്റ് കാനഡ അറിയിച്ചു.
ആൽബെർട്ടയുടെ അതിർത്തി മുതൽ മാനിറ്റോബ അതിർത്തി വരെയും തെക്ക് വോളസ്റ്റൺ തടാകം വരെയും വ്യാപിച്ചു കിടക്കുന്ന നോർത്തേൺ സസ്കച്ചുവനിൽ ഇന്നലെ രാവിലെ 10 മുതൽ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ വന്നതായി എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) അറിയിച്ചു.
“അടുത്ത ആഴ്‌ച വരെ താപനില സാധാരണ നിലയേക്കാൾ താഴെയായി തുടരും. കൂടാതെ കനത്ത കാറ്റിനെ തുടർന്ന് താപനില മൈനസ് 45 ഡിഗ്രി വരെ ആയിരിക്കും,” യുറേനിയം സിറ്റി പ്രദേശത്തിനുള്ള മുന്നറിയിപ്പിൽ ECCC വിശദീകരിച്ചു. അതിശക്തമായ കാറ്റ് ഇന്ന് മുതൽ വീണ്ടും ആരംഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതിശൈത്യം നീണ്ടുനിൽക്കുന്ന സമയത്ത് ഹൈപ്പോഥെർമിയയുടെ അപകടസാധ്യതയെക്കുറിച്ച് ECCC പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിലെ താമസക്കാർ വളർത്തുമൃഗങ്ങളെ കൂടുതൽ സമയം പുറത്തേക്ക് വിടരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു.
എൻവയോൺമെന്റ് കാനഡയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് താമസക്കാർക്ക് ഏറ്റവും പുതിയ പ്രവചനങ്ങളും അലേർട്ടുകളും നിരീക്ഷിക്കാനാകും.