കഴിഞ്ഞ മാസം യുകോണിന് മുകളിലൂടെ പറന്ന അജ്ഞാത വസ്തുവിനെ കനേഡിയൻ യുദ്ധവിമാനങ്ങൾ വെടിവെച്ച് വീഴ്ത്താൻ ഒരുങ്ങിയിരുന്നതായും എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് അവരുടെ ടേക്ക് ഓഫ് മന്ദഗതിയിലായതിനാൽ തടസ്സപ്പെട്ടതായും കനേഡിയൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ വെയ്ൻ ഐർ, ഹൗസ് ഓഫ് കോമൺസ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അറിയിച്ചു. എന്നാൽ അമേരിക്കൻ സൈനിക ജെറ്റ് ദൗത്യം പൂർത്തിയാക്കിയെന്നും ഭൂഖണ്ഡാന്തര വ്യോമ പ്രതിരോധ ശൃംഖലയായ NORAD ന്റെ പ്രാധാന്യം ഈ ദൗത്യത്തിലൂടെ എടുത്തു കാണിക്കുന്നുവെന്നും അദ്ദേഹം കമ്മിറ്റിയിൽ വ്യക്തമാക്കി.
“കനേഡിയൻ CF-18 വിമാനങ്ങൾക്ക് ഷൂട്ട്ഡൗൺ നിർദ്ദേശം നൽകിയിരുന്നെന്നും മഴ കാരണം എഡ്മൻ്റണിലെ CFB കോൾഡ് ലേക്കിൽ നിന്നും CF-18 ഫ്ലീറ്റ് പറന്നുയരാൻ വൈകിയതിനെ തുടർന്ന് അമേരിക്കൻ സൈനിക വിമാനം ഷൂട്ട്ഡൗൺ ചെയ്തതായും,” അദ്ദേഹം വിശദീകരിച്ചു.
ഫെബ്രുവരി ആദ്യം കനേഡിയൻ, അമേരിക്കൻ വ്യോമാതിർത്തിയിൽ ചൈനീസ് നിരീക്ഷണ ബലൂൺ പ്രത്യക്ഷപ്പെട്ടതോടെ NORAD ആകാശ നിരീക്ഷണം ശക്തമാക്കിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. കർശന പരിശോധനയെ തുടർന്ന് ഫെബ്രുവരി 10 ന് അലാസ്കയ്ക്ക് മുകളിലും ഫെബ്രുവരി 11-ന് യുകോണിന് മുകളിലും ഫെബ്രുവരി 12 ന് ഹ്യൂറോൺ തടാകത്തിനു മുകളിലുമായി മൂന്ന് അജ്ഞാത വസ്തുക്കളെ കൂടി വെടിവച്ചു വീഴ്ത്തുന്നതിലേക്ക് നയിച്ചതായി വെയ്ൻ ഐർ വ്യക്തമാക്കി.
കനേഡിയൻ വിമാനങ്ങൾ അമേരിക്കൻ ജെറ്റുകൾക്കൊപ്പം സ്‌ക്രാംബിൾ ചെയ്യുകയും വസ്തുക്കളെ ട്രാക്ക് ചെയ്യാനും വിശകലനം ചെയ്യാനും സഹായിച്ചുവെന്നും ഐറും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും കമ്മിറ്റിയെ അറിയിച്ചു.
ഐറും പ്രതിരോധ മന്ത്രി അനിതാ ആനന്ദും, യുക്കോൺ വസ്തു വെടിവെച്ച് വീഴ്ത്താൻ അനുമതി നൽകാനുള്ള തീരുമാനമെടുത്തതായി, ചൊവ്വാഴ്‌ച ഹൗസ് ഓഫ് കോമൺസ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഹാജരായ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥിരീകരിച്ചു. മറ്റ് രണ്ട് അജ്ഞാത വസ്തുക്കളും ഫെബ്രുവരി 4 ന് സൗത്ത് കരോലിന തീരത്ത് വെടിവച്ച ചൈനീസ് ബലൂണും യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ച് ആയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
അജ്ഞാത വസ്തുക്കൾ വിദേശ രാജ്യവുമായി ബന്ധപ്പെട്ടതാണെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ അവ കണ്ടെത്താനാകാത്തതിനാൽ അവയുടെ ഉത്ഭവത്തെക്കുറിച്ചോ ഉദ്ദേശ്യത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അനിതാ ആനന്ദ് പറഞ്ഞു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് മൂന്ന് വസ്തുക്കൾക്കായുള്ള തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണെന്നും അനിതാ ആനന്ദ് അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെടുമ്പോൾ ആ തിരച്ചിൽ പുനരാരംഭിക്കുമോ എന്നത് ഉത്തരവാദിത്തപ്പെട്ട ഏജൻസികളുടെ തീരുമാനമാണെന്നും, അനിതാ ആനന്ദ് പറഞ്ഞു. പൊതു സുരക്ഷാ മന്ത്രാലയത്തിന്റെ മേൽനോട്ടം വഹിക്കുന്ന യുകോൺ തിരച്ചിലിന് RCMP നേതൃത്വം നൽകുകയായിരുന്നു.