ഒഷാവയിൽ ഉണ്ടായ കാർ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ദുർഹം റീജിയണൽ പോലീസ് അറിയിച്ചു. ഹൗഡൻ, റാഗ്ലാൻ റോഡുകൾക്കിടയിലുള്ള സിംകോ സ്ട്രീറ്റിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.
അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി ദുർഹം റീജിയണൽ പോലീസ് സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ, 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെ ചികിത്സയ്ക്കായി സണ്ണിബ്രൂക്ക് ഹോസ്പിറ്റലിലേക്ക് എയർലിഫ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മറ്റ് രണ്ട് പേരെ പരിക്കുകളോടെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും രണ്ടു കാറുകളുടെയും മുൻഭാഗംപൂർണ്ണമായി തകർന്നതായി പോലീസ് അറിയിച്ചു. ഒരു കാറിന്റെ ബോഡിയിൽ നിന്ന് മേൽക്കൂര പൂർണ്ണമായും തെറിച്ച് പോയി.
അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതിനാൽ പ്രദേശത്തെ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഈ മേഖല ഒഴിവാക്കണമെന്ന് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.