ആരോഗ്യത്തിനും ജീവിത സൗഖ്യത്തിനുമായി പൗരാണിക ഭാരതം വരദാനമായി പകര്‍ന്നു നല്‍കിയ അറിവാണ് യോഗ. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, യോഗയുടെ പ്രാധാന്യം വളരെയധികം വർധിച്ചുവരുന്നു.
“ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന അർത്ഥം വരുന്ന “വസുധൈവ കുടുംബത്തിന് യോഗ” എന്നതാണ് ഈ വർഷത്തെ യോഗാ ദിന സന്ദേശം.
യോഗാ ദിനം ആദ്യമായി ആഘോഷിക്കുന്നത് 2015 ജൂൺ 21നാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇതിനായി മുൻകൈ എടുത്തത്. 2014 സെപ്റ്റംബർ 27ന് മോദി ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ യോഗ വിഷയമാക്കി പ്രസംഗം നടത്തിയിരുന്നു. തുടർന്ന് ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാമെന്ന് ഐക്യരാഷ്ട്രസഭ 2014 ഡിസംബർ 14ന് പ്രഖ്യാപിക്കുകയായിരുന്നു.
യോഗ ഇന്ത്യക്ക് ഒരു പുതിയ സംഭവമല്ല. ചരിത്രം പരിശോധിച്ചാൽ വേദകാലഘട്ടത്തിനും മുമ്പ് ഇവിടെ യോഗികളുണ്ടായിരുന്നു എന്ന് മനസ്സിലാകും.
പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയിൽ യോഗയെക്കുറിച്ച് നടത്തിയ പ്രസംഗം ഇങ്ങനെയാണ്;
“ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ, ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു.
യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണെനും അദ്ദേഹം പറയുന്നു.
ഇന്ന് അധികം ആളുകളും ദീർഘനേരം ഇരുന്നുള്ള ജോലിയാണ് ചെയ്യുന്നത്. ഇത് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. അതിന് യോഗ വളരെ വലിയ പങ്കാണ് വഹിക്കുന്നത്.
ഇനി യോഗ ചെയ്യുന്നതു കൊണ്ട് എന്തെല്ലാം ഗുണങ്ങൾ ലഭിക്കുന്നു എന്ന് നോക്കാം…
എല്ലാം തികഞ്ഞ ഒരു ശാരീരിക പ്രവർത്തനം എന്നതിലുപരി യോഗ മറ്റുള്ള വ്യായാമചര്യകളിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നു. പ്രമേഹം, മൈഗ്രേൻ, അല്ലെങ്കിൽ പതിവായി മരുന്ന് കഴിക്കേണ്ടി വന്നേക്കാവുന്ന മറ്റ് രോഗാസ്ഥകൾ എന്നിവയെ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് യോഗ സഹായം ചെയ്യും.
നിരന്തരമായി യോഗ പരിശീലിക്കുന്നത് വഴി ശാരീരിക സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കുറവുണ്ടാകുന്നു.
കൂടാതെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും, ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഉറപ്പായും ആരും പ്രതീക്ഷിക്കാത്ത മറ്റൊരു കാര്യമാണ് യോഗ ചെയ്യുന്നത് വഴി ദന്താരോഗ്യം മെച്ചപ്പെടും എന്നത്. നിരവധി പഠനങ്ങൾ പറയുന്നതനുസരിച്ച് യോഗ സ്ഥിരമായി ചെയ്യുന്ന ആളുകൾക്ക് പല്ല്, മോണ മറ്റ് സമാന പ്രശ്നങ്ങൾ വളരെ കുറവായിരിക്കും.
കൂടാതെ ഒട്ടുമിക്ക ആളുകളും നിസ്സാരമായി കാണുന്ന കാര്യമാണ് ഭക്ഷണം. എന്നാൽ യോഗ പരിശീലിക്കുന്നത് വഴി നല്ല ഭക്ഷണ ശീലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നു.
ഇതൊക്കെതന്നെയാകും ലോകം യോഗയെ ഇത്രയേറെ പ്രാധാന്യത്തോടെ നോക്കി കാണുന്നതും, ആഘോഷിക്കപ്പെടുന്നതും.
ഇത്തവണയും ലോകമെമ്പാടും വളരെ വിപുലമായ പരിപാടികളോടെ തന്നെയാണ് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നത്. അമേരിക്കയിലെ ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്തെ യോഗാദിനാചാരണം പ്രാധാമന്ത്രി നരേന്ദ്ര മോദിയാണ് നേതൃത്വം നൽകുന്നത്. കൂടാതെ ഇന്ത്യയിലെ വിവിധ മേഖകളിൽ യോഗാ ദിനാചരണവും മറ്റു പരിപാടികളും നടക്കുന്നു.
ദൈർഘ്യമേറിയതും സന്തോഷകരവുമായ ജീവിതം നയിക്കാനുള്ള മനോഹരവും ആരോഗ്യകരവുമായ മാർഗമാണ് യോഗ. ഈ യോഗാ ദിനത്തിൽ ഏവർക്കും നല്ല ആരോഗ്യം നേരട്ടെ, അന്താരാഷ്ട്ര യോഗാദിനാശംസകൾ.