അസമില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. വെള്ളപ്പൊക്കത്തില്‍ ഒരാള്‍ മരിക്കുകയും സംസ്ഥാനത്തെ 26 ജില്ലകളിലായി അഞ്ച് ലക്ഷം പേരെ സാരമായി ബാധിക്കുകയും ചെയ്തു. സംസ്ഥാനത്ത് പലയിടത്തും നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പുതിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ഏകദേശം 45,000 പേര്‍ ദുരിതത്തിലായ നല്‍ബാരിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. സൈന്യം, ദേശീയ ദുരന്ത നിവാരണ സേന, നാട്ടുകാര്‍ എന്നിവരെല്ലാം ചേര്‍ന്ന് കഴിഞ്ഞദിവസം 1280 പേരെ വിവിധ സ്ഥലങ്ങളില്‍നിന്ന് രക്ഷപ്പെടുത്തി. നിലവില്‍ 780 ഗ്രാമം വെള്ളത്തിനടിയിലാണ്. 10,591.85 ഹെക്ടര്‍ കൃഷിയിടങ്ങള്‍ നശിച്ചു.
ബാര്‍പേട്ട, ദരാംഗ്, കാംരൂപ് മെട്രോപൊളിറ്റന്‍, കൊക്രജാര്‍, നാല്‍ബാരി ജില്ലകളില്‍ പലയിടത്തും നഗരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ബ്രഹ്മപുത്ര നദിയുടെ പോഷകനദിയായ ബേക്കി മൂന്നിടങ്ങളില്‍ അപകടരേഖയ്ക്കു മുകളിലാണ് ഒഴുകുന്നത്.