1987 ജൂലൈ 11ന് ലോകജനസംഖ്യ അഞ്ച് ലക്ഷം കോടിയിലെത്തി. രണ്ട് വര്‍ഷത്തിനപ്പുറം അതേ ജൂലൈ 11ന് ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യ ദിനായി ആചരിച്ചു തുടങ്ങി. ജനസംഖ്യ കൂടുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നു ഈ ദിവസത്തിന്റെ ലക്ഷ്യം.
അത്രയും ആളുകള്‍ക്ക് സ്വസ്ഥമായി കഴിഞ്ഞുകൂടാനുള്ള വിഭവം ഭൂമിയില്‍ ഉണ്ടോ എന്നായിരുന്നു അന്നത്തെ ചോദ്യം. ലിംഗനീതി, മനുഷ്യാവകാശം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവ ഉറപ്പാക്കി എങ്ങനെ മുന്നോട്ടുപോകുമെന്നായിരുന്നു ആശങ്ക. അതിനായി പല പദ്ധതികള്‍ ആവിഷ്‌കരിച്ചു. പല രാജ്യങ്ങളും കുടുംബാസൂത്രണം നടപ്പിലാക്കി. ആള് കൂടുന്നതിന്റെ ഭവിഷ്യത്ത് നേരത്തെ തിരിച്ചറിഞ്ഞ ചൈന 1980ല്‍ തന്നെ ജനങ്ങളോട് കുട്ടി ഒന്ന് മതിയെന്ന് കട്ടായം പറഞ്ഞു. എന്നിട്ടും കാര്യമൊന്നും ഉണ്ടായില്ല. രണ്ടായിരത്തില്‍ ജനസംഖ്യ ആറ് ബില്യണായി, 2017 ഏപ്രില്‍ നാലിന് ഏഴര ബില്യണ്‍ പിന്നിട്ടു. കഴിഞ്ഞ നവംബര്‍ 15ന് എട്ട് ബില്യനില്‍ തൊട്ടു. അതില്‍ വലിയ ഭാഗം ഇന്ത്യയില്‍ നിന്നാണ്.
ലിംഗ സമത്വത്തിന് പ്രാധാന്യം നൽകി , ലോകത്തിന്റെ അനന്തസാധ്യതകൾ തുറക്കാൻ സ്ത്രീകളുടെയും , പെൺകുട്ടികളുടെയും ശബ്ദമുയർത്തുക എന്നതാണ് ഇത്തവണ ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ ദിന പ്രമേയമായി സ്വീകരിച്ചിരിച്ചിട്ടുള്ളത് .
കഴിഞ്ഞ 5 മാസങ്ങൾക്കു മുൻപ് വേൾഡ് പോപുലേഷൻ റിവ്യൂ ഓർഗനൈസേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം , ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ പോലും മറികടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ചൈനയുടെ നാഷണൽ ബ്യുറോ സ്റാറ്റിസ്റിക് പുറത്തുവിട്ട ചില കണക്കുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ 60 വർഷത്തിനിടയിൽ ഇതാദ്യമായാണ് ചൈനയുടെ ജനസംഖ്യയിൽ കുറവുവന്നിരിക്കുന്നത് .
ഇനി ഇന്ത്യയുടെ കാര്യമെടുത്താൽ 2021 ൽ നടക്കേണ്ട സെൻസെസ് കോവിഡ് സാഹചര്യങ്ങൾ കാരണം നടന്നില്ല അതുകൊണ്ട് നിലവിലെ നമ്മുടെ ജനസംഖ്യ കൃത്യമായി എത്രയെന്നതിൽ വ്യക്തതകുറവുണ്ട് .
പക്ഷെ വേൾഡ് പോപുലേഷൻ റിവ്യൂ വിന്റെ കണക്കുപ്രകാരം 142 കോടിയാണ് നമ്മുടെ നിലവിലെ ജനസംഖ്യ , ഇതുവച്ചു കണക്കാക്കിയാൽ ചൈനയേക്കാൾ 5 മില്യൺ അഥവാ 50 ലക്ഷം കൂടുതലാണ് നമ്മുടെ ജനസംഖ്യ . 2021 ൽ നടക്കേണ്ടിയിരുന്ന ദേശീയ സെൻസസ് അനിശ്ചിതമായി നീളുകയാണ്, ഇപ്പോഴത്തെ നിലയിൽ 2023 സെപ്തംബർ 30 ന് ശേഷം മാത്രമേ സെൻസസ് നടപടികൾ തുടങ്ങാൻ സാധ്യതയുള്ളൂ . എന്തായാലും 2023 അവസാനമാകുമ്പോൾ ഇന്ത്യ ചൈനയെ പിൻതള്ളുമെന്നാണ് യു.എൻ അടക്കമുള്ള പല സംഘടനകളുടെയും അഭിപ്രായം .
ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ ഒന്നാമതാകുന്നത് നമ്മുക്ക് ഗുണമാണോ ദോഷമാണോ എന്നതാണ് അടുത്ത ചോദ്യം , യുവാക്കളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത് രാജ്യത്തിന് അത്യധികമായി ഗുണകരമാണെന്ന് പറയാം . ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 65 ശതമാനത്തിനുമുകളിലുള്ളത് 35 വയസ്സിൽ താഴെയുള്ളവരാണ് . ഇങ്ങനെയാണെകിലും ഇന്ത്യ നേരിടുന്ന മറ്റൊരു വലിയ പ്രശ്നമുണ്ട് , സമ്പാദിക്കാൻ കഴിയുന്നവരുടെ എണ്ണം ഇത്രയധികമുണ്ടെങ്കിലും ഇവരിൽ ഭൂരിഭാഗം പേർക്കും തൊഴിലില്ല എന്നതാണ്, എന്നുവച്ചാൽ വർക്കിംഗ് ഏജ് പോപുലേഷൻ വളരെ കൂടുതലുണ്ടായിട്ടും നമ്മുടെ ലേബർ ഫോഴ്സ് പാര്ടിസിപേഷൻ വളരെ കുറവാണ്, ജോലിയുള്ള 46 ശതമാനം ആളുകൾ മാത്രമാണ് ഇന്ത്യയിലുള്ളത് . അതിൽ തന്നെ സ്ത്രീകളുടെ പങ്കാളിത്തം വെറും 19 ശതമാനമാണ് . തൊഴിലില്ലായിമ കാരണം വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയും ഒരു പ്രതിസന്ധിയാണ് .
വർക്കിംഗ് ഏജ് പോപുലേഷന് തൊഴിൽ ചെയ്യാനും സമ്പാദിക്കാനുമുള്ള സാഹചര്യം നമ്മുടെ രാജ്യത്തു തന്നെ ഒരുക്കികൊടുക്കാൻ ഗവൺമെന്റിന് കഴിഞ്ഞാൽ മാത്രമേ, ഈ ഉയരുന്ന ജനസംഖ്യയെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാനാകു. അതുകൊണ്ട് ജനസംഖ്യ വളർച്ചയെ രാജ്യത്തിൻറെ വളർച്ചയ്ക്കും പുരോഗതിക്കുമായി ഉപയോഗിക്കാനാവിശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത് അനിവാര്യമാണ് .