2023ല്‍ ആദ്യ ഏഴ് മാസത്തിനുളളില്‍ മയക്കുമരുന്നിന്റെ അമിതായ ഉപയോഗം മൂലം 1,455 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ജൂലൈയില്‍ മാത്രം 198 പേരാണ് മരണപ്പെട്ടത്. ഇത് പ്രവിശ്യയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് മരണനിരക്കാണ്.
2016-ല്‍ പ്രവിശ്യയില്‍ മയക്കുമരുന്ന് മൂലമുളള മരണങ്ങള്‍ സംബന്ധിച്ച് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഈ വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് മൂലം മരണപ്പെട്ടത് 2,383 പേരാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പ്രവിശ്യയില്‍ അമിതമായ മയക്കുമരുന്ന് മൂലം മരണപ്പെട്ടത് 12,739 പേരാണ്.
എന്നാല്‍ ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്ത 198 എന്ന മരനിരക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്ത മരണനിരക്ക് 208 ആണ്. എന്നാല്‍ കഴിഞ്ഞ് മാസം മരണ നിരക്ക് 191 കടന്നതോടെ മരണനിരക്കില്‍ നാല് ശതമാനം വര്‍ധനവാണ് ഉണ്ടായത്.

വാന്‍കൂവര്‍, സറേ, ഗ്രേറ്റര്‍ വിക്ടോറിയ തുടങ്ങിയ നഗര കേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. മറ്റ് പ്രദേശങ്ങളായ സെന്‍ട്രല്‍ വാന്‍കൂവര്‍ ഐലന്‍ഡ്. നോര്‍ത്തേണ്‍ ഇന്റീരിയര്‍, നോര്‍ത്ത് വെസ്റ്റ്, ഗ്രേറ്റര്‍ നാനൈമോ എന്നിവിടങ്ങളില്‍ ഉയര്‍ന്ന മരണനിരക്കാണ് രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് കൊളംബിയയില്‍ 10 മുതല്‍ 59 വയസ്സുവരെയുള്ളവരുടെ മരണത്തിന്റെ പ്രധാന കാരണം അമിതമായ മയക്കുമരുന്നിന്റെ ഉപയോഗമാണ്.