ടൊറൻ്റോ : മാർക്കമിലെ റീട്ടെയിൽ സ്ഥാപനത്തിൽ നിന്നും മോഷണം പോയ 175,000 ഡോളറിലധികം മൂല്യമുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും വസ്ത്രങ്ങളും കണ്ടെടുത്തതായി യോർക്ക് റീജൻ പോലീസ് അറിയിച്ചു. 2023 ഓഗസ്റ്റിൽ നടന്ന മോഷണത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് റിപ്പോർട്ട് ചെയ്തു.
ഇയോനട്ട് ബക്കൻ (30), ബിയാങ്ക ബാസ്‌ക്രേഷ്യ (24), ഡെനിസ്-ആൻഡ്രിയ ഡുമിട്രാഷ (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ മോഷണം, കുറ്റകൃത്യം വഴി ലഭിച്ച സ്വത്ത് കടത്തൽ, മോഷണത്തിലൂടെ ലഭിച്ച സ്വത്ത് കൈവശം വെയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മോഷണത്തെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ 25,000 ഡോളർ വിലമതിക്കുന്ന വസ്ത്രങ്ങളും 150,000 ഡോളർ മൂല്യമുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുമാണ് കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികൾ പ്രവിശ്യയിലുടനീളം മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇതിൽ പലതും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

മോഷണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായോ ക്രൈം സ്റ്റോപ്പർമാരുമായോ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. റീട്ടെയിൽ സ്ഥാപനങ്ങളിൽ നടക്കുന്ന മോഷണങ്ങളെക്കുറിച്ച് ടൊറന്റോ പോലീസ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റുകൾ.
റീട്ടെയിൽ സ്ഥാപനങ്ങളിൽ നടക്കുന്ന മോഷണങ്ങളെ തുടർന്ന് പ്രതിവർഷം 500 കോടി ഡോളർ നഷ്ടം ഉണ്ടാകുന്നതായി അധികൃതർ പറയുന്നു.