റെജൈന : പ്രവിശ്യയിൽ പുതിയ വീട് നിർമ്മിക്കുന്നവർക്ക് 35,000 ഡോളർ വരെ സെക്കണ്ടറി റെന്റൽ സ്യൂട്ടിനായി അനുവദിക്കുമെന്ന് സസ്കാച്വാൻ ഗവണ്മെന്റ് പ്രഖ്യാപിച്ചു. വാടക യൂണിറ്റുകളുടെ ലഭ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സെക്കണ്ടറി സ്യൂട്ട് ഇൻസെന്റീവ് (എസ്എസ്ഐ) ഗ്രാന്റ് പദ്ധതിയുടെ ഭാഗമായാണിത്.
പുതിയ വീട് നിർമ്മാണത്തിനുള്ള പിഎസ്ടി റിബേറ്റിൽ പങ്കെടുക്കുന്നവർക്ക് ഗ്രാന്റിന് അർഹതയുണ്ടെന്നും സസ്കാച്വാൻ ധനകാര്യ മന്ത്രി ഡോണ ഹാർപൗവർ പറഞ്ഞു. മുന്കാലപ്രാബല്യത്തോടെ 2023 ഏപ്രിൽ 1 മുതൽ നിർമ്മാണം ആരംഭിച്ച പുതിയ വീടുകൾക്ക് PST റിബേറ്റ് തിരികെ നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പുതുതായി നിർമ്മിച്ച വീട് വാങ്ങുമ്പോൾ അടച്ച പിഎസ്ടിയുടെ 42 ശതമാനമാണ് തിരികെ നൽകുക.

എസ്‌എസ്‌ഐ ഗ്രാന്റിന് യോഗ്യത നേടുന്നതിന്, പുതിയ വീടുകൾ 2026 ഏപ്രിൽ 1-നകം നിർമ്മാണം പൂർത്തിയാക്കി താമസം ആരംഭിച്ചിരിക്കണം. അടുത്ത വർഷം മാർച്ച് 31 വരെ ആയിരിക്കും റിബേറ്റ് അപേക്ഷകൾ സ്വീകരിക്കുക. 550,000 ഡോളർ അല്ലെങ്കിൽ അതിൽ താഴെ വിലയുള്ളതും ഭൂമിയുടെ വിലയും ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ വിലയും ഇതിനൊപ്പം നിൽക്കുന്ന വീടുകൾക്ക് മാത്രമേ ഗ്രാന്റിന് യോഗ്യത ഉള്ളൂ.
450,000 ഡോളറിൽ കൂടുതൽ വിലയുള്ള വീടുകൾക്ക് ഗ്രാന്റിൽ തിരികെ നൽകുന്ന തുക കുറയുമെന്നും മന്ത്രി ഡോണ ഹാർപൗവർ അറിയിച്ചു. ഇതോടൊപ്പം നിലവിൽ വാടക യൂണിറ്റ് ഉള്ളവരും അത് നവീകരിക്കാൻ ആഗ്രഹിക്കുന്നവരും ഗ്രാന്റിന് അർഹരല്ല. വാടക സ്യൂട്ടുകൾ ചേർക്കുന്നതിനായി നിലവിലുള്ള വീട് പുതുക്കിപ്പണിയുന്ന ആളുകൾക്കും ഗ്രാന്റിന് അർഹതയുണ്ടായിരിക്കില്ല.