യഹൂദവിരുദ്ധതയെ ചെറുക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി ടൊറൻ്റോയിലെ ജൂത സമൂഹം. ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാതലത്തിൽ ജൂതന്മാരെ ലക്ഷ്യമിട്ടുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിച്ച അവസരത്തിലാണ് ജൂത സമൂഹത്തിന്റെ നീക്കം. ടൊറൻ്റോയിൽ, യഹൂദരെ വീടുകളിലും സ്‌കൂളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഭീഷണിപ്പെടുത്തുന്നത് നിത്യസംഭവമായി മാറിയതായി ജൂത സമൂഹം പറയുന്നു.
അവരുടെ വാതിൽപ്പടിയിൽ നിന്ന് വിശുദ്ധ വസ്തുക്കൾ കീറുക, ജൂത ഭവനങ്ങളിലും പൊതുവിദ്യാലയങ്ങളിലും രക്തത്തിൽ കുതിർത്ത മത ചിഹ്നങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നഗരത്തിൽ കാണുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ, യഹൂദവിരുദ്ധ ഇസ്‌ലാമോഫോബിയ എന്നിവയുടെ അവിശ്വസനീയമായ വർധന ആശങ്കയുണ്ടാക്കുന്നുവെന്ന് ടൊറന്റോ പോലീസ് മേധാവി മൈറോൺ ഡെംകിവ് പറഞ്ഞു.
ഇതിനുപുറമെ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മിസ്സിസ്സാഗയിൽ, ഒരു ജൂത ഡോക്ടർക്കു നേരേ വധഭീഷണി ഉണ്ടായി. ഒറിലിയയ്ക്കടുത്തുള്ള കമ്മ്യൂണിറ്റിയിൽ ജൂത ഭവനത്തിനുനേരെ “നിങ്ങളും നിങ്ങളുടെ ജൂതകുടുംബവും മരിക്കാൻ പോകുന്നു” എന്ന് എഴുതിയ കുറിപ്പ് ഇട്ടു. മോൺട്രിയലിൽ യഹൂദ കെട്ടിടങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ബോംബെറിയുകയും ചെയ്തിട്ടുണ്ടെന്നും മൈറോൺ ഡെംകിവ് പറഞ്ഞു.
ഹമാസ്, ഒക്ടോബർ 7-ന് ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിന്റെ തുടർച്ചയായി ആഗോള “രോഷ ദിനം” ആചരിക്കാൻ ആഹ്വാനം ചെയ്തപ്പോൾ, കുട്ടികളെ സ്കൂളിൽ അയക്കണോ എന്നതിനെ സംബന്ധിച്ച് സോഷ്യൽ മീഡിയ ചാറ്റുകളിൽ ചർച്ചകൾ നടന്നിരുന്നു. തുടർന്ന് ജിടിഎ പോലീസ് സർവീസ് നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ അടിയന്തര സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ സ്കൂളുകളിലും വ്യാപാരസ്ഥാപനങ്ങളും ജൂതന്മാരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.