ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്തെ മികവുറ്റതാക്കി മാറ്റിയവരില്‍ പ്രധാനിയാണ് ഡോ. വിക്രം സാരാഭായ്. ബഹിരാകാശ ഗവേഷണങ്ങള്‍ എങ്ങനെ രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി ഉപയോഗിക്കാമെന്ന് വിക്രം സാരാഭായ് കാണിച്ചുതന്നു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന വിക്രം സാരാഭായുടെ ഓര്‍മ്മ ദിനമാണ് ഇന്ന്.

വിക്രം സാരാഭായ്
1919 ആഗസ്റ്റ് 12ന് ഗുജറാത്തിലെ അഹ്മദാബാദില്‍ വ്യവസായിയായ അംബലാല്‍ സാരാഭായുടേയും സരള ദേവിയുടെയും മകനായി ജനിച്ചു. അഹ്മദാബാദില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ സാരാഭായ് ഗുജറാത്തി കോളജില്‍ നിന്ന് ഇന്റര്‍ മീഡിയറ്റ് പാസായി. തുടര്‍ന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്നും ബിരുദം നേടി. എന്നാല്‍, രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ഇന്ത്യയിലേക്ക് തിരിച്ചുവരേണ്ടതായി വന്നു. ഇന്ത്യയിലെത്തിയ ശേഷം നൊബേല്‍ സമ്മാന ജേതാവ് സി.വി. രാമന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ചേര്‍ന്ന് ഗവേഷണങ്ങള്‍ നടത്തി. കോസ്മിക് രശ്മികളെക്കുറിച്ചായിരുന്നു സാരാഭായിയുടെ ഗവേഷണങ്ങള്‍.
1945ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്നും പിഎച്ച്.ഡി നേടിയശേഷം വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ സാരാഭായ് 1947 നവംബര്‍ 11ന് അഹ്മദാബാദില്‍ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി സ്ഥാപിച്ചു. ഇതിനുപുറമെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കമ്യൂണിറ്റി സയന്‍സ് സെന്റര്‍, ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് തുടങ്ങി പത്തോളം സ്ഥാപനങ്ങള്‍ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആറ്റോമിക് എനര്‍ജി മേധാവിയായും സേവനമനുഷ്ഠിച്ചു.

ഐ.എസ്.ആര്‍.ഒ
ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതില്‍ വിക്രം സാരാഭായ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1969 ആഗസ്റ്റ് 15നാണ് ഇന്ത്യന്‍ സ്?പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) രൂപം കൊണ്ടത്. അതിനുമുമ്പ് ഇന്ത്യന്‍ നാഷനല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് സെന്റര്‍ (ഇന്‍കോസ്പാര്‍)എന്ന കമ്മിറ്റിയുടെ കീഴിലായിരുന്നു ബഹിരാകാശ ഗവേഷണം. ബഹിരാകാശ ഗവേഷണങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്ററിനായി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് 1962ല്‍ അണുശക്തി വിഭാഗത്തിനുകീഴില്‍ ‘ഇന്‍കോസ്പാര്‍’ രൂപവത്കരിച്ചു. ഇത് പിന്നീട് ഐ.എസ്.ആര്‍.ഒ ആയി മാറുകയായിരുന്നു.

വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍
1962ല്‍ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിതമായതോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന് പുത്തനുണര്‍വ് ഉണ്ടായി. ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന തുമ്പയെ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തത് ആറ്റോമിക് എനര്‍ജി മേധാവി ആയിരുന്ന ഹോമിജെ ബാബയും വിക്രം സാരാഭായും ചേര്‍ന്നാണ്. 1963 നവംബര്‍ 21ന് തുമ്പയില്‍ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിച്ചു. സാരാഭായിയുടെ സാന്നിധ്യത്തിലായിരുന്നു വിക്ഷേപണം. നൈക്ക് -അപ്പാഷെ എന്ന ചെറു റോക്കറ്റിന്റെ വിക്ഷേപണ വിജയം ബഹിരാകാശ ഗവേഷണത്തിലെ ഇന്ത്യന്‍ കുതിപ്പിന് തുടക്കമിട്ടു. വിക്രം സാരാഭായോടുള്ള ബഹുമാനാര്‍ഥം തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ എന്ന പേരു നല്‍കുകയായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ടയുടെ രൂപവത്കരണത്തിലും സാരാഭായ് മുഖ്യ പങ്കുവഹിച്ചു. എന്നാല്‍, സാരാഭായുടെ മരണശേഷം 1975ലാണ് ആര്യഭട്ട വിക്ഷേപിക്കുന്നത്.
1975ല്‍ സാറ്റലൈറ്റ് ഇന്‍സ്ട്രക്ഷനല്‍ ടെലിവിഷന്‍ എക്‌സിപിരിമെന്റ് എന്ന പദ്ധതിയും വിക്രം സാരാഭായി ആവിഷ്‌കരിച്ചതായിരുന്നു. ഇന്ത്യയിലെ ഗ്രാമങ്ങളിലെ ജനങ്ങളെ വിവിധ വിഷയങ്ങളില്‍ ബോധവത്കരിക്കുക, ഉപഗ്രഹ സഹായത്തോടെ ടെലിവിഷന്‍ പ്ര?േക്ഷ പണം രാജ്യത്ത് കൊണ്ടുവരുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 1966ല്‍ വിക്രം സാരാഭായി നാസയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പദ്ധതി യാഥാര്‍ഥ്യമായത്.

1971 ഡിസംബര്‍ 30ന് ഹൃദയാഘാതത്തെ തുടര്‍ന്ന് 52ാം വയസ്സില്‍ അന്തരിച്ചു. തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് തറക്കല്ലിടാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം. പ്രശസ്ത നര്‍ത്തകിയും മലയാളിയുമായിരുന്ന മൃണാളിനി സാരാഭായിയായിരുന്നു ഭാര്യ.