ഓട്ടവ : ഈ ആഴ്ച ബേബി വാക്കറുകൾ, ബേബി ഫുഡ്, പേഴ്‌സണൽ മസാജറുകൾ എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡയും കനേഡിയൻ ഫുഡ് ഇൻസ്‌പെക്‌ഷൻ ഏജൻസിയും അറിയിച്ചു.
എൻഫാമിൽ ബേബി ഫുഡ്
ക്രോണോബാക്‌റ്റർ സകാസാകി ബാക്‌ടീരിയ കണ്ടെത്തിയതിനെ തുടർന്ന് എൻഫാമിൽ ന്യൂട്രാമിജൻ എ+ എൽജിജി ഹൈപ്പോഅലോർജെനിക് ഇൻഫന്റ് ഫുഡ് തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി റിപ്പോർട്ട് ചെയ്തു. 2023 ജൂലൈ മുതൽ ഓഗസ്റ്റ് വരെ കാനഡയിലുടനീളം വിറ്റഴിച്ചതായി എൻഫാമിലിന്റെ വെബ്‌സൈറ്റിൽ പറയുന്നു.
അപൂർവ്വമാണെങ്കിലും, ശിശുക്കളിൽ ക്രോണോബാക്റ്റർ അണുബാധ മാരകമായേക്കാം. നവജാതശിശുക്കളിൽ ബാക്ടീരിയ അപൂർവമായ രക്തപ്രവാഹത്തിനും കേന്ദ്ര നാഡീവ്യൂഹത്തിനും അണുബാധയ്ക്ക് കാരണമാകുമെന്നും സെപ്സിസ് എന്നറിയപ്പെടുന്ന രക്തവിഷബാധയുമായും നെക്രോട്ടൈസിംഗ് എന്ററോകോളിറ്റിസ് എന്നറിയപ്പെടുന്ന കുടൽ അണുബാധയുമായും ബന്ധപ്പെട്ടിരിക്കുന്നു.

തിരിച്ചു വിളിച്ച എൻഫാമിൽ ന്യൂട്രാമിജൻ എ+ എൽജിജി ഹൈപ്പോഅലോർജെനിക് ഇൻഫന്റ് ഫുഡ് ഉപയോഗിക്കരുതെന്നും അവ ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ വാങ്ങിയ സ്ഥലത്ത് തിരികെ നൽകുകയോ ചെയ്യണമെന്നും ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി നിർദ്ദേശിച്ചു.
വിൻഡോ ബ്ലൈൻഡ്സ്
കുട്ടികൾക്ക് അപകടസാധ്യത ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് SBM കാനഡയുടെ വിവിധ വിൻഡോ ബ്ലൈന്റുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ട്രൂ ബ്ലൈൻഡ്‌സ് അടക്കം വിവിധ വിൻഡോ ബ്ലൈന്റുകൾ കോർഡഡ് വിൻഡോ കവറിംഗ് റെഗുലേഷൻസ് പാലിക്കുന്നതിൽ പരാജയപ്പെട്ടതായി ഹെൽത്ത് കാനഡ പറയുന്നു.
കാനഡയിലുടനീളം 2021 മെയ് മുതൽ 2023 ഡിസംബർ വരെ 45,000 യൂണിറ്റുകൾ വിറ്റഴിച്ചതായി എസ്‌ബിഎം കാനഡ പറഞ്ഞു. കൂടാതെ 2023 ജൂണിനും 2023 ഡിസംബറിനുമിടയിൽ ഏകദേശം 290 യൂണിറ്റുകൾ വിറ്റഴിച്ചതായി ട്രൂ ബ്ലൈൻഡ്‌സ് പറഞ്ഞു.

തിരിച്ചുവിളിച്ച സാധനങ്ങൾ ഉപഭോക്താക്കൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും കോർഡ്‌ലെസ് റീപ്ലേസ്‌മെന്റിനായി കമ്പനികളുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ബേബി വാക്കേഴ്സ്
ചെറിയ കുട്ടികൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ ഓൾമിറ്റോസ് ബേസിക് സൂ കമ്പനിയുടെ ബേബി വാക്കറുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. EAN 8414147020753 ബാർകോഡ് നമ്പറിലുള്ള ബേബി വാക്കറുകളിൽ നിന്നും കുട്ടികൾ വീഴുന്നതിനും ഗുരുതരമായി പരിക്കേൽക്കുന്നതിനും ചില സമയങ്ങളിൽ മരണത്തിന് വരെ കാരണമായേക്കുമെന്നും ആരോഗ്യ ഏജൻസി പറയുന്നു.
2021 ഡിസംബറിനും 2023 നവംബറിനുമിടയിൽ കാനഡയിൽ 100 യൂണിറ്റിൽ താഴെ മാത്രമാണ് വിറ്റഴിച്ചതെന്ന് TradeInn.com പറഞ്ഞു. ഉപഭോക്താക്കൾ വാക്കറുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും റീഫണ്ടിനായി കമ്പനിക്ക് തിരികെ നൽകണമെന്നും ഹെൽത്ത് കാനഡ പറഞ്ഞു.

പേഴ്‌സണൽ മസാജറുകൾ
തീപിടിക്കാനും പൊള്ളൽ ഏൽക്കാനും സാധ്യതയുള്ളതിനാൽ ഹോമെഡിക്‌സ് തെറാപ്പിസ്റ്റ് സെലക്ട് പെർകഷൻ പേഴ്‌സണൽ മസാജറുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. ചാർജ് ചെയ്യുമ്പോൾ മസാജറുകൾ അമിതമായി ചൂടാകുമെന്നും ഇത് തീപിടിക്കാനും പൊള്ളലേൽക്കാനും കാരണമാകുമെന്നും ആരോഗ്യ ഏജൻസി പറയുന്നു.
തിരിച്ചുവിളിച്ചു ഈ ഉൽപ്പന്നം 2020 സെപ്റ്റംബറിനും 2023 ഡിസംബറിനുമിടയിൽ ഏകദേശം 41,000 യൂണിറ്റുകൾ കാനഡയിൽ വിറ്റിട്ടുണ്ട്. ചാർജ് ചെയ്യുമ്പോൾ അമിതമായി ചൂടാകുന്നതായി നാല് പരാതികൾ ലഭിച്ചതായി കമ്പനി അറിയിച്ചു. എന്നാൽ ഡിസംബർ 21 വരെ ഇതുമായി ബന്ധപ്പെട്ട് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
20 ശതമാനം ബോണസ് ഉൾപ്പെടെ ഹോമെഡിക്സ് ഉൽപ്പന്നങ്ങൾ മുഴുവൻ റീഫണ്ടോ ക്രെഡിറ്റോ ലഭിക്കുന്നതിന് ഉപഭോക്താക്കൾ കമ്പനിയുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് കാനഡ അറിയിച്ചു.
ഫോർഡ് F-150 പിക്കപ്പുകൾ
റിയർ ആക്‌സിൽ ബോൾട്ടുകളുടെ പ്രശ്‌നത്തെ തുടർന്ന് കാനഡയിലെ 20,000 എഫ്-150 പിക്കപ്പ് ട്രക്കുകൾ തിരിച്ചുവിളിച്ചതായി ഫോർഡ് പ്രഖ്യാപിച്ചു. 2021 മുതൽ 2023 വരെയുള്ള മോഡൽ വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ഈ വാഹനങ്ങളിലെ പിൻ ആക്സിൽ ഹബ് ബോൾട്ടുകൾ തകരാൻ സാധ്യത ഉണ്ടെന്നും ഇത് പാർക്കിങ് ബ്രേക്കിനെ ബാധിക്കുകയും ട്രക്ക് പാർക്ക് ചെയ്യുമ്പോൾ വാഹനങ്ങൾ ഉരുണ്ട് അപകടത്തിന് കാരണമായേക്കുമെന്നും കമ്പനി പറയുന്നു. സ്ട്രിപ്പ് ചെയ്ത റിയർ ആക്സിൽ ഹബ് സ്പ്ലൈനുകൾ 4X2 ഓപ്പറേഷനിൽ മോട്ടീവ് പവർ നഷ്ടപ്പെടുന്നതിന് കാരണമായേക്കാം,” ഫോർഡ് കാനഡ വക്താവ് മാറ്റ് ഡ്രെനൻ-സ്കേസ് അറിയിച്ചു.
നിലവിൽ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മാറ്റ് ഡ്രെനൻ-സ്കേസ് പറഞ്ഞു. ഈ മാസാവസാനം വാഹനഉടമകൾക്കും ഡീലർമാർക്കും ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.