ഓട്ടവ : ArriveCan ആപ്പ് അഴിമതി ആരോപണം വിവാദമായതിന് പിന്നാലെ അന്വേഷണമാവിശ്യപെട്ട് ആർസിഎംപി കമ്മീഷണർക്ക് കത്ത് നൽകി പ്രതിപക്ഷനേതാവ് പിയേർ പൊളിയേവ്. വിഷയത്തെക്കുറിച്ചുള്ള ഓഡിറ്റർ ജനറലിൻ്റെ സമീപകാല റിപ്പോർട്ട് ദേശീയ പൊലീസ് സേന പരിശോധിക്കണമെന്നും കമ്മീഷണർ മൈക്ക് ഡുഹിമിന് അയച്ച കത്തിൽ പറയുന്നു.
അഴിമതി, കെടുകാര്യസ്ഥത, എന്നിവ തുറന്നുകാട്ടിയ ഓഡിറ്റർ ജനറലിൻ്റെ കണ്ടെത്തലുകളിൽ വ്യാപക അന്വേഷണം വേണമെന്ന് പിയേർ പൊളിയേവ് പറഞ്ഞു. കാനഡ ബോർഡർ സർവീസ് ഏജൻസിയിലെ (സിബിഎസ്എ) ചില ജീവനക്കാരുടെ തെറ്റായ ഇടപെടലിനെക്കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. ആരോപണങ്ങൾ വ്യാപകമായതോടെ വിഷയത്തിൽ കഴിഞ്ഞ വർഷം അവലോകന യോഗം ചേർന്നിരുന്നു.

കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങളുടെ സമ്പർക്ക വിവരങ്ങളും ആരോഗ്യ വിവരങ്ങളും ശേഖരിക്കുകയും അപകടസാധ്യതയുള്ളവർക്ക് ക്വാറൻ്റൈൻ നോട്ടീസ് നൽകുക എന്ന ലക്ഷ്യത്തോടെ 2020 ഏപ്രിലിലാണ് ArriveCAN അവതരിപ്പിച്ചത്. എന്നാൽ, പിന്നീട് ArriveCAN സാങ്കേതിക തടസ്സങ്ങൾ നിറഞ്ഞ ഒരു വിവാദ ഉപകരണമായി മാറി. ഇതോടെ ArriveCAN ആപ്ലിക്കേഷനെ കുറിച്ച് പരിശോധിക്കാൻ 2022 നവംബർ 2-ന് ഓഡിറ്റർ ജനറലിനെ ചുമതലപ്പെടുത്തിയിരുന്നു.
റെക്കോർഡ് സൂക്ഷിപ്പിലെ പിഴവ് മൂലം ArriveCAN ചെലവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ തടസ്സമുള്ളതായി എജി റിപ്പോർട്ട് കണ്ടെത്തി. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്ത് യാത്രക്കാരെ സ്‌ക്രീൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന ആപ്പിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് ആർസിഎംപിയും സിബിഎസ്എയുടെ പ്രൊഫഷണൽ ഇൻ്റഗ്രിറ്റി ഡിവിഷനും അന്വേഷണം ആരംഭിച്ചതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.